എടപ്പാൾ: നാലുറോഡുകളും ബാരിക്കേഡ് വെച്ചടച്ച് ടാറിങ് ജോലികൾ നടക്കുന്ന എടപ്പാൾടൗണിലൂടെ പോലീസ് വാഹനത്തിന്റെ നിർബന്ധയാത്ര. ടൗണിലൂടെതന്നെ യാത്രചെയ്യണമെന്ന വാശിെയത്തുടർന്ന് ഗതികെട്ട വൊളന്റിയർമാർ ബാരിക്കേഡുകളെല്ലാം മാറ്റി വാഹനം കടത്തിവിട്ടു.
മേൽപ്പാലം ടാറിങ്ങിന്റെ ഭാഗമായി തിങ്കളാഴ്ചമുതൽ എടപ്പാൾടൗണിലെ നാലു റോഡുകളും അടച്ചിരിക്കുകയാണ്. ഉച്ചയ്ക്കു ശേഷമാണ് പോലീസ് ബോർഡ്വെച്ച ഒരു ജീപ്പ് കുറ്റിപ്പുറം റോഡിലെത്തിയത്. വാഹനത്തിൽ ഡിവൈ.എസ്.പി. ആണെന്നും ബാരിക്കേഡുകൾ മാറ്റിക്കൊടുക്കണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും വൊളന്റിയർമാർ സമ്മതിച്ചില്ല.
വാഹനത്തിലുണ്ടായിരുന്ന ഓഫീസർ നടന്ന് തൃശ്ശൂർ റോഡിൽ നിൽക്കുന്നുണ്ടെന്നും ജീപ്പ് അവിടേക്ക് എത്തിക്കണമെന്നും പറഞ്ഞായിരുന്നു ഇദ്ദേഹത്തിന്റെ വാശി പിടിക്കൽ. പിന്നീട് പട്ടാമ്പിറോഡിലൂടെ വന്നും ഇദ്ദേഹം ഇതേ ആവശ്യത്തിലുറച്ചുനിന്നതോടെ ഗത്യന്തരമില്ലാതെ ബാരിക്കേഡുകളഴിച്ചുമാറ്റി ഈ വാഹനത്തെ പുതുതായി ടാർചെയ്ത് ഉറയ്ക്കാതെ കിടന്ന റോഡിലൂടെ കടത്തിവിടുകയായിരുന്നു. ആംബുലൻസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞും സമാന്തരറോഡുകളിൽ കെട്ടിക്കിടന്നും പ്രയാസപ്പെടുമ്പോഴായിരുന്നു പോലീസ് ജീപ്പിന്റെ ഈ യാത്ര.