കോഴിക്കോട് > പൂപ്പൽ പിടിച്ച ചുവരുകൾക്ക് ചായംപൂശാമെന്ന് കരുതിയാൽ സംഗതി അത്ര കളറാവില്ല. പെയിന്റുകൾക്ക് വില കുത്തനെ കുതിക്കുകയാണ്. 2021 ജൂൺ മുതൽ സെപ്തംബർ വരെ നാല് തവണയാണ് പെയിന്റ് വില വർധിച്ചത്. പെട്രോളിയം ഘടകങ്ങളാണ് പെയിന്റ് നിർമാണത്തിലെ പ്രധാന അസംസ്കൃത വസ്തുക്കൾ എന്നതിനാലാണ് ഇന്ധന വിലവർധന നേരിട്ട് പെയിന്റ് വ്യവസായത്തെ ബാധിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നാണ് പ്രധാനമായും പെയിന്റ് എത്തുന്നത്.
20 ലിറ്ററിന്റെ ബക്കറ്റിന് 700- മുതൽ 800 രൂപവരെ വർധനയുണ്ടായി. ചെറിയ വീട് പെയിന്റ് ചെയ്യണമെങ്കിൽത്തന്നെ ചുരുങ്ങിയത് 40 ലിറ്റർ വേണം. സാധാരണയായി ഉപയോഗിക്കുന്ന പെയിന്റിന് 400 രൂപ വരെ കൂടിയിട്ടുണ്ട്. അഞ്ച് മാസം മുമ്പ് 1700 രൂപയുണ്ടായിരുന്ന ഇന്റീരിയർ പെയിന്റിന് 2490 രൂപയും 2250 രൂപയുണ്ടായിരുന്ന എക്സ്റ്റീരിയൽ പെയിന്റിന് 2900 രൂപയുമായി. പൊതുവെ വില കൂടുതലായ പ്ലാസ്റ്റിക് എമൽഷൻ പെയിന്റുകളുടെ വിൽപ്പന നന്നേ കുറഞ്ഞു.
കാലാവസ്ഥയെ പ്രതിരോധിക്കാൻ ശേഷിയുള്ള വെതർഷീൽ മാക്സ് പെയിന്റുകൾക്ക് 200 രൂപയാണ് കൂടിയത്. മര ഉരുപ്പടികളുടെ സംരക്ഷണത്തിനുള്ള പോളിയൂറിത്തിന് -80 രൂപ വർധിച്ചു. ടൈറ്റാനിയം ഡയോക്സൈഡ്, ക്രൂഡ് അടിസ്ഥാനമായ മോണോമെറുകൾ എന്നിവയുടെ വിലയിൽ 2020ന് ശേഷം 20 മുതൽ 25 ശതമാനം വർധിച്ചു. ഡിസംബർ ഒന്നുമുതൽ വീണ്ടും വില വർധിക്കുമെന്നാണ് സൂചന.