നെടുമ്പാശേരി –
കോവിഡ് ആശങ്കയിലും കർശന കരുതലും സുരക്ഷയും ഒരുക്കി സിംഗപ്പുർ എയർലൈൻസ് ചൊവ്വമുതൽ നെടുമ്പാശേരിയിൽനിന്ന് സർവീസ് തുടങ്ങും.
ആഴ്ചയിൽ മൂന്ന് സർവീസ് ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ഉണ്ടാകും. രാത്രി 10.15ന് സിംഗപ്പുരിൽനിന്ന് എത്തുന്ന വിമാനം 11.05ന് മടങ്ങും. പ്രധാനപ്പെട്ട അന്താരാഷ്ട്ര ഹബ്ബുകളിൽനിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കാൻ സിയാൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രിയും ഡയറക്ടർ ബോർഡും സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എംഡി എസ് സുഹാസ് പറഞ്ഞു. 20 മാസത്തെ ഇടവേളയ്ക്കുശേഷമാണ് സിംഗപ്പുർ എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നത്.
സിംഗപ്പുരിൽനിന്ന് എത്തുന്നവർ വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തണം. ഏഴുദിവസം സമ്പർക്കവിലക്ക് നിർബന്ധമാണ്. എട്ടാംദിനം വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം. പോസിറ്റീവായാൽ സമ്പർക്കവിലക്ക് തുടരണം. സിയാലിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ആഴ്ചയിൽ 185 സർവീസുകളാണ് കൈകാര്യം ചെയ്യുന്നത്. യുകെ, ശ്രീലങ്ക, മാലി എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ നേരത്തേ ആരംഭിച്ചു.