പത്തനംതിട്ട: പത്തനംതിട്ടയിൽ പാർട്ടിക്കുള്ളിൽ കുലംകുത്തികളുണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. പത്തനംതിട്ട ഏരിയാ സമ്മേളനത്തിലെ ചർച്ചകൾക്ക് മറുപടി നൽകുമ്പോഴായിരുന്നു വിമർശനം. കുലംകുത്തികൾ അടുത്ത സമ്മേളനം കാണില്ലെന്നും ഇവരെ തിരുത്താൻ പാർട്ടിക്ക് അറിയാമെന്നും ഉദയഭാനു തുറന്നടിച്ചു. മന്ത്രി വീണാ ജോർജിനെതിരായ വ്യക്തിഹത്യ 2016-ൽ തുടങ്ങിയതാണ്. 2016-ലും 2021-ലും തോൽപിക്കാൻ ശ്രമിച്ചവർ പാർലമെന്ററി മോഹം ഉള്ളവരാണ്. വിശ്വാസികൾക്ക് പാർട്ടി എതിരല്ലെന്നും ഉദയഭാനു വിമർശനങ്ങൾക്ക് മറുപടി നൽകി.
Read More:ദൈവനാമത്തിൽ സത്യപ്രതിജ്ഞ: മന്ത്രി വീണയ്ക്കെതിരെ ഏരിയാ സമ്മേളനത്തിൽ വിമർശനം
വീണാ ജോർജിന്റെ വിജയം താൽപര്യപ്പെടാത്ത ചിലർ പാർട്ടിയിലുണ്ടെന്ന പരാമർശം ഉൾപ്പെടുന്ന സംഘടനാ റിപ്പോർട്ട്, പൊതുചർച്ചയിൽ വീണാ ജോർജിന് എതിരെ ഉയർന്നുവന്ന പരാതികളും വിമർശനങ്ങളും, ഇവ മാധ്യമവാർത്തകളായി എന്നീ മൂന്നു വിഷയങ്ങൾ മുൻനിർത്തിയാണ് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞത്.
പാർട്ടിയിൽ കുലംകുത്തികളുണ്ടെന്ന പരാമർശമാണ് ഇതിൽ ഏറ്റവും പ്രധാനം. വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായി. അവരെ പരാജയപ്പെടുത്താൻ ബോധപൂർവമായ ശ്രമം ഉണ്ടായി. വ്യക്തിഹത്യ ചെയ്തു എന്നീ കാരണങ്ങൾ മുൻനിർത്തിയാണ് ജില്ലാ സെക്രട്ടറിയുടെ പരാമർശം. 2016-ലും 2021-ലും സമാനമായ സ്ഥിതി വീണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന് നേതൃത്വം നൽകിയത് പാർലമെന്ററി വ്യാമോഹം ബാധിച്ചിട്ടുള്ള ചിലരാണ്. ഇവർ കുലംകുത്തികളാണ്. ഇവരെ തിരുത്താൻ പാർട്ടിക്ക് അറിയാം. അത് ചെയ്യുകയും ചെയ്യും. അതേസമയം കുലംകുത്തികളായി തുടരുന്നവർ ഉണ്ടെങ്കിൽ അവർ അടുത്ത സമ്മേളനം കാണില്ലെന്ന മുന്നറിയിപ്പും ജില്ലാ സെക്രട്ടറി നൽകുന്നുണ്ട്.
എം.എൽ.എയായും പിന്നീട് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത വേളയിൽ വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയെന്ന് ശനിയാഴ്ച നടന്ന ഏരിയാ സമ്മേളനത്തിൽ പ്രതിനിധികളിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി അംഗങ്ങളിൽ വീണാ ജോർജിന് മാത്രം അങ്ങനെ ഒരു ഇളവ് അനുവദിച്ചു, അതിന് മറുപടി നൽകേണ്ടി വരും എന്ന വിധത്തിലേക്കും ചർച്ച ഉയർന്നിരുന്നു. പാർട്ടി വിശ്വാസികൾക്ക് ആർക്കും എതിരല്ല. അതുകൊണ്ടു തന്നെ അവരവരുടെ വിശ്വാസം അനുസരിച്ചുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നതിൽ പാർട്ടിക്ക് തടസ്സമില്ലെന്നും ഉദയഭാനു ഇതിന് മറുപടി നൽകി.
ജനപ്രതിനിധിയായ ശേഷം പാർട്ടി അംഗമായ ആളാണ് വീണാ ജോർജ്. അതിനാൽ പാർട്ടിയുടെ ചട്ടക്കൂട്ടിലേക്ക് അവർ എത്താൻ സമയം എടുക്കും എന്നായിരന്നു ചർച്ചകൾക്ക് മറുപടി നൽകവേ മുൻ ഏരിയാ സെക്രട്ടറി എം. സജികുമാറും പറഞ്ഞു.
content highlights:pathanamthitta cpm protects veena george alleges presence of kulamkuthikal in party