കൊച്ചി: കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസീലൻഡ്, സിംബാംബ്വെ, സിംഗപ്പുർ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നെത്തുന്നവർക്കും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട് യാത്രാചരിത്രം ഉള്ളവർക്കുമാണ് പരിശോധന കർശനമാക്കിയത്.
പ്രതിദിനം നിരവധി യാത്രക്കാരെത്തുന്ന നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന വ്യാപകമാക്കും. നോഡൽ ഓഫീസർ ഡോ. ഹനീഷ് മീരാസയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരടങ്ങിയ എട്ടംഗ സംഘമാണ് പരിശോധന നടത്തുക.
വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും അവരുമായി സമ്പർക്കം വന്നവരിലും നിരീക്ഷണം കർശനമാക്കും. ആദ്യഘട്ടത്തിൽ ഇവരിൽ ആർ.ടി.പി .സി.ആർ. ടെസ്റ്റ് നടത്തും. തുടർന്ന് ഇവർക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ നിർദേശിക്കും. എട്ടാം ദിവസം വീണ്ടും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തും. വീണ്ടും പോസിറ്റീവ് ആയാൽ ഏഴു ദിവസം കൂടി ക്വാറന്റീൻ തുടരേണ്ടി വരും.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിയാലുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ആർ.ടി.പി.സി.ആർ. പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ ഇൻഡ്യൻ സാർസ് കോവിഡ് 2 ജീനോമിക് കൺസോർഷ്യത്തിനു കീഴിലെ ജീനോം സീക്വൻസിംഗ് ലബോറട്ടറികളിൽ വിദഗ്ധ പരിശോധനക്കായി അയക്കും.
content highlights: omicron: tests will be conducted in airports