കൊച്ചി:മൊഫിയ പർവീണിന്റെ ആത്മഹത്യ ദാരുണമായ സംഭവമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാൻ സ്ത്രീകൾക്ക് ആർജവമുണ്ടാകണമെന്നും ആത്മഹത്യയ്ക്ക് പകരം സ്ത്രീകൾ പോരാടാനുള്ള കരുത്ത് കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ആലുവയിൽ മൊഫിയ പർവീണിന്റെ വീട്ടിലെത്തി അവരുടെ മാതാപിതാക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.
കേരള പോലീസ് രാജ്യത്തെ തന്നെ മികച്ച സുരക്ഷാസേനയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കാറുണ്ട്. എന്നാൽ ആലുവയിലേത് പോലെ ചില ഒറ്റപ്പെട്ട അപവാദങ്ങളുണ്ടെന്നും ഗവർണർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ആലുവയിലേത് പോലെ ജനപ്രതിനിധികളുടെ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മൊഫിയയുടെ മാതാപിതാക്കളുമായി സംസാരിക്കുന്നു | ഫോട്ടോ: ടി.കെ.പ്രദീപ്കുമാർ/മാതൃഭൂമി
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആലുവയിലെ മൊഫിയ പർവീണിന്റെ വീട്ടിലെത്തിയത്. മൊഫിയയുടെ മാതാപിതാക്കളെ നേരിൽക്കണ്ട അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അൻവർ സാദത്ത് എം.എൽ.എ.യും കൂടെയുണ്ടായിരുന്നു.
Content Highlights:governor arif muhammed khan visits mofiya parveen home aluva