അധികമൊന്നും ബഹളമില്ലാതെ റിലീസായി തിയറ്ററിൽ തകർത്തോടുകയാണ് ജാൻ എ മൻ. കാനഡക്കാരൻ ജോയ്മോന്റെ ജീവിതം പറയുന്ന ചിരി സിനിമ. ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയിൽ അനിയൻ ഗണപതി ഒരു പ്രധാന വേഷത്തിലുണ്ട്
ഗണപതിയും ചിദംബരവും
ആദ്യമായി ഒരുമിച്ച് സിനിമയിൽ എത്തിയതല്ല ഈ സഹോദരങ്ങൾ. ഒരുപാട് സിനിമയിൽ പ്രവർത്തിച്ചു. ചേട്ടൻ അണിയറയിലും അനിയൻ അഭിനേതാവായും. ഇരുവരും ചേർന്നൊരു തിരക്കഥയൊരുക്കി. സംവിധാനം ചെയ്തത് ചേട്ടൻ. ബാലതാരമായി മലയാളികൾക്ക് സുപരിചിതനായ ഗണപതിയും ചേട്ടൻ ചിദംബരവും “ജാൻ എ മൻ’ വിജയത്തിന്റെ സന്തോഷത്തിലാണ്. ബാലു വർഗീസ്, ഗണപതി, അർജുൻ അശോകൻ, സിദ്ധാർഥ് മേനോൻ, ബേസിൽ ജോസഫ് തുടങ്ങിയവർ തകർത്തഭിനയിക്കുന്ന സിനിമയെക്കുറിച്ച് ചിദംബരം.
ജാൻ എ മൻ
പേരിനു പിന്നിൽ എന്താണെന്ന് സിനിമ കണ്ടുതന്നെ മനസ്സിലാക്കുക. ചിരിച്ച് സന്തോഷത്തോടെ കണ്ടുതീർക്കാവുന്ന എന്റർടെയ്നറാണ് ഇത്. മുൻവിധികളില്ലാതെ സിനിമ കണ്ട് പ്രതീക്ഷിച്ചതിനേക്കാൾ ഒരുപാട് അധികം നല്ല പ്രതികരണങ്ങൾ പ്രേക്ഷകർ പറയുന്നു. വലിയ സന്തോഷം തോന്നുന്നു.
കഥ ജീവിതത്തിൽനിന്ന്
ജീവിതത്തിലെ സംഭവം തന്നെയാണ് പകർത്തിയത്. ജോയ് മോനെപ്പോലെ 30–-ാം പിറന്നാൾ ആഘോഷിക്കാൻ ആഗ്രഹിച്ചയാളാണ് ഞാനും. ഞങ്ങൾ തയ്യാറെടുത്തപ്പോഴാണ് അയൽവീട്ടിൽ ഒരു മരണം. ബാക്കിയെല്ലാം ഉണ്ടാക്കിയെടുത്ത കഥയാണ്.
എല്ലാവരെയും ചിരിപ്പിക്കുന്നു
സിനിമ കണ്ട എല്ലാവരും വളരെ സന്തോഷത്തോടെയാണ് പ്രതികരിക്കുന്നത്. എല്ലാവരുടെയും ജീവിതത്തി ചില സംഭവങ്ങൾ ലളിതമായാണ് ആവിഷ്കരിച്ചത്. പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടത് അതൊക്കെയാണ്.
ബേസിൽ ജോസഫ്
ഓരോ കഥാപാത്രവും ആരൊക്കെ ആയിരിക്കണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു. ജോയ്മോൻ എന്ന കഥാപാത്രം മാത്രം പിടിതന്നില്ല. ചിന്ത പിന്നീട് ബേസിൽ ജോസഫിൽ എത്തി. അതുതന്നെ മനസ്സിൽ കണ്ട് പൂർത്തിയാക്കിയ തിരക്കഥയുമായാണ് ബേസിലിനെ സമീപിച്ചത്. വേറെ ആരു ചെയ്താലും കുറച്ച് ഓവർ ആകുകയോ, അത്രപോരാ എന്ന് തോന്നുകയോ ചെയ്യുമായിരുന്നു.
ചേട്ടനും അനിയനും സിനിമയിൽ
ഞങ്ങൾ ആദ്യമായല്ല സിനിമയിൽ ഒരുമിക്കുന്നത്. അതുകൊണ്ടുതന്നെ പുതുമയൊന്നും തോന്നിയില്ല. ബാലതാരമായിരിക്കെ തന്നെ എല്ലാവർക്കും ഇഷ്ടമുള്ള നടനാണ് ഗണപതി. ഈ സിനിമയിൽ മുഴുനീള കഥാപാത്രമാണ് ഗണപതിയുടേത്. സിനിമയിൽ ഞങ്ങൾ സഹോദരങ്ങളല്ല, സഹപ്രവർത്തകരാണ്. പയ്യന്നൂരാണ് സ്വദേശം. പഠിച്ചത് തിരുവനന്തപുരത്തായിരുന്നു. ഇപ്പോൾ താമസം കൊച്ചിയിൽ.
പ്രചോദനം അച്ഛൻ
ടി വി ചന്ദ്രൻ, ജയരാജ് തുടങ്ങിയവരുടെ സിനിമകളിൽ അസോസിയറ്റ് ആയിരുന്നു അച്ഛൻ സതീഷ്. അച്ഛൻ തന്നെയാണ് സിനിമയിലേക്ക് വഴികാട്ടിയത്. അതുവഴി ഞാൻ ജയരാജ് സാറിന്റെ അസി. ഡയറക്ടറായി. പിന്നീട് രാജീവ് രവി, കെ യു മോഹനൻ എന്നിവർക്കൊപ്പമെല്ലാം ക്യാമറയ്ക്കു പിന്നിലും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ അസി. ക്യാമറാമാനായിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂവും പ്രവാസികളും
മഞ്ഞിൽ വിരിഞ്ഞ പൂവേ എന്ന പാട്ട് ജോയ്മോൻ എന്ന പ്രവാസിയെ വിവരിക്കുന്നപോലെ തോന്നിയിരുന്നു. അത് സിനിമയിൽ ഉൾപ്പെടുത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. ജാനകിയമ്മയുടെ ശബ്ദത്തിന് മാതൃത്വത്തിന്റെ ഫീലുമുണ്ട്. കഥയ്ക്ക് കൃത്യമാണ് അത്. മഞ്ഞിൽ വിരിഞ്ഞ് വാടാൻ തുടങ്ങുന്ന പൂവാണ് ജോയ്മോൻ. ആ അവസ്ഥ കാണിക്കാൻ വേറെ ഏതു പാട്ടുണ്ട്?
പ്രവാസികൾക്ക് ഇഷ്ടം 1980കളിലെയും 1990കളിലെയും പാട്ടുകളാണ്. പ്രവാസിയെന്ന് കേൾക്കുമ്പോൾ ഗൾഫ് പ്രവാസികളാകും സിനിമയിൽ പ്രതീക്ഷിക്കുക. ഇപ്പോൾ ക്യാനഡയിലും ധാരാളം മലയാളികളുണ്ട്. പല സുഹൃത്തുക്കളുമുണ്ട് അവിടെ. സാഹചര്യങ്ങളും കൃത്യമായി അറിയാം. അതെല്ലാമാണ് ജോയ് മോനെ ക്യാനഡക്കാരനാക്കിയത്.
ക്ലാപ്പടിച്ചത് നിമിഷ സജയൻ
സിനിമയ്ക്ക് ക്ലാപ്പടിച്ചത് നിമിഷ സജയനാണ്. സിനിമയിൽ ഇല്ലെങ്കിലും അടുത്ത സുഹൃത്താണ്. ആസിഫ് അലിയും ഫാമിലിയുമായി വളരെ അടുപ്പമാണ്. ഞങ്ങളുടെ കുടുംബം തന്നെയാണ് അവർ. സൗബിനിക്കയുമായിട്ടും അതുപോലെ തന്നെ. സിനിമ ചെയ്യുമ്പോൾ അവരെല്ലാം അതിന്റെ ഭാഗമായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.