തിരുവനന്തപുരം > ആട്ടയും സോപ്പും ബിസ്കറ്റുമുൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂട്ടി കമ്പനികൾ. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (എച്ച്യുഎൽ), ഐടിസി, പാർലേ, ബ്രിട്ടാനിയ കമ്പനികളാണ് ഉൽപ്പന്നങ്ങൾക്ക് ഒറ്റയടിക്ക് വർധിപ്പിച്ചത് മൂന്നു മുതൽ 33 ശതമാനംവരെ. രണ്ടുമാസം മുമ്പും വില കൂട്ടിയിരുന്നു.
അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില, ഗതഗാതച്ചെലവ്, ഉയർന്ന പാക്കിങ് ചെലവ് തുടങ്ങിയവയാണ് വില വർധനയ്ക്ക് കാരണമായി പറയുന്നത്.
ഐടിസി ഏഴുമുതൽ 10 ശതമാനംവരെ വില വർധിപ്പിച്ചപ്പോൾ എച്ച്യുഎൽ നാലു മുതൽ 22 ശതമാനം വരെ കൂട്ടി. ഐടിസി ആശീർവാദ് ആട്ടയ്ക്ക് ഒറ്റയടിക്ക് അഞ്ചുരൂപ വർധിപ്പിച്ചു. ഫിയാമ ഡിവിൽസിന്റെ സോപ്പുകൾക്ക് 10 മുതൽ 15 ശതമാനം വരെയാണ് വർധന. എച്ച്യുഎല്ലിന്റെ ഒരു കിലോയുടെ സോപ്പു പൊടിക്ക് രണ്ടു രൂപ കൂട്ടി. റിൻ ഡിറ്റർജന്റ് ബാർ, ലക്സ് സോപ്പ്, ഷാംപൂ, ചായപ്പൊടി, ബിസ്ക്കറ്റ്, റസ്ക്, നൂഡിൽസ് തുടങ്ങിയവയുടെയും വില വർധിച്ചു.
ജ്യോതി ലാബ്സ്, പി ആൻഡ് ജി തുടങ്ങിയ കമ്പനികളും വില വർധിപ്പിക്കുന്നുണ്ട്. പാർലേ, ബിസ്കറ്റിനും പലഹാരങ്ങൾക്കും ഡിസംബർ അവസാനത്തോടെ എട്ടു മുതൽ പത്ത് ശതമാനംവരെ വില വർധിപ്പിക്കാനാണ് നീക്കം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ വീണ്ടും വിലവർധന ഉണ്ടാകുമെന്നാണ് ബ്രാൻഡുകൾ പറയുന്നത്. ഭക്ഷ്യ എണ്ണക്ക് ഒരു വർഷംകൊണ്ട് 60 മുതൽ 65 ശതമാനംവരെ വില വർധിച്ചു.