കൊച്ചി > സഹകരണമേഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന റിസർവ് ബാങ്ക് സർക്കുലറിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കും. ആർബിഐക്ക് നിവേദനം നൽകുമെന്നും സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. നിയമമന്ത്രി പി രാജീവുമൊത്ത് കൊച്ചിയിൽ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പും മറ്റു നിയമവിദഗ്ധരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രവിഷയമായ ബാങ്കിനെ ഉപയോഗപ്പെടുത്തി സഹകരണമേഖലയ്ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര നീക്കത്തെയാണ് സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുന്നത്. ആർബിഐ സർക്കുലറിലെ മൂന്നുകാര്യങ്ങളിൽ ഒന്നുമാത്രമാണ് കേരളത്തിന് ബാധകം. സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ/ബാങ്കിങ് എന്നീ വാക്കുകൾ ഉപയോഗിക്കരുതെന്ന നിർദേശത്തിനെതിരെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സംസ്ഥാന പരിധിയിൽവരുന്ന ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള കേന്ദ്രശ്രമമാണ് ചോദ്യം ചെയ്യുക.
സംസ്ഥാന സഹകരണമേഖലയിൽ നിക്ഷേപങ്ങൾക്ക് ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷന്റെ (ഡിഐസിജിസി) സംരക്ഷണം നൽകിയിട്ടില്ല. അതിനാൽ, സംരക്ഷണം നൽകില്ലെന്ന ആർബിഐ നിർദേശം കേരളത്തിന് ബാധകമല്ല. സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ തരംതിരിക്കാനുള്ള നടപടി റദ്ദാക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. അതുകാണ്ടുതന്നെ നിക്ഷേപകരെ എ, ബി, സി ക്ലാസുകളായി തിരിച്ച് അംഗത്വം നൽകണമെന്ന ആർബിഐ നിർദേശവും സംസ്ഥാനത്തെ ബാധിക്കില്ല. ഇല്ലാത്തകാര്യം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ആർബിഐ. നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സഹകാരികൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. മറ്റു സംസ്ഥാനങ്ങളുമായി വിഷയം ചർച്ച ചെയ്യും. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളിലേക്കുള്ള കടന്നുകയറ്റം. ഇത് അനുവദിക്കില്ല.
തൊണ്ണൂറ്റേഴാം ഭരണഘടനാ ഭേദഗതിയെ ചോദ്യംചെയ്ത ഹർജിയിലെ വിധിയിലും അപ്പീൽ നൽകാൻ അവസരം സർക്കാരിനുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതും വിശദമായി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ പി ബി നൂഹ്, സീനിയർ ലീഗൽ കോൺസൽ കെ കെ രവീന്ദ്രനാഥ്, സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി പി താജുദീൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.