തിരുവനന്തപുരം > കുറഞ്ഞനിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ എല്ലാ ജില്ലയിലും സപ്ലൈകോയുടെ അഞ്ച് മൊബൈൽ വിൽപ്പനശാല എത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു യൂണിറ്റ് ദിവസം ഒരു താലൂക്കിലെ അഞ്ചിടത്ത് സാധനങ്ങൾ വിതരണംചെയ്യും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കാർഡുടമകൾക്കും വാങ്ങാം. 30ന് തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.
വിലക്കയറ്റം തടയാൻ സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിലക്കുറവിൽ നൽകുക. 1,800 സപ്ലൈകോ വിൽപ്പനശാലയ്ക്ക് പുറമെയാണ് മൊബൈൽ മാവേലി സേവനം. സൂപ്പർ മാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ ഇല്ലാത്ത സ്ഥലങ്ങളിലാണ് യൂണിറ്റുകളെത്തുക. തീരദേശം, ആദിവാസി, മലയോര മേഖലയ്ക്ക് മുൻഗണനയുണ്ടാകും.
ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ മഴക്കെടുതി ചില സാധനങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാക്കിയിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാൻ നാല് ദിവസത്തിനിടെ 5919 ടൺ നിത്യോപയോഗസാധനങ്ങളും 5.8 ലക്ഷം പായ്ക്കറ്റ് വെളിച്ചെണ്ണയും സപ്ലൈകോ വിൽപ്പനശാലകളിൽ എത്തിച്ചു. വൻപയറിന്റെ ലഭ്യതയിൽ ചെറിയ കുറവുണ്ട്. വിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയാൻ പരിശോധന നടത്താൻ ലീഗൽ മെട്രോളജി വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.