തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ളെക്സ് ബോർഡുകൾ വെക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വിധികൾ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്ളെക്സുകൾ വെച്ചിരിക്കുകയാണെന്നും ദൈവം രക്ഷിക്കട്ടെയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേരള സർവകലാശാല നിയമ വിഭാഗം സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റോഡുകളെയും ജസ്റ്റിസ് പരോക്ഷമായി പരിഹസിച്ചു. തിരുവനന്തപുരത്തേക്ക് വന്നത് വിമാനത്തിലാണെന്നും റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം എല്ലാവർക്കും അറിയാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ പാലിക്കുക, അതിൽ പറയുന്ന പൗരന്റെ കടമകൾ നിറവേറ്റുക എന്നിവയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മിക്ക വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണം ഭരണഘടന കൃത്യമായി പാലിക്കാത്തതാണെന്ന് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാവർക്കും ഭരണഘടന നൽകുന്ന അവകാശങ്ങളെപ്പറ്റി അറിയാം. അവകാശങ്ങളെ പറ്റി പറയുമ്പോഴും കടമകളെ ആരും ഓർക്കുന്നില്ല. ജനങ്ങൾ ഭരണഘടന പാലിക്കുന്നില്ലെങ്കിൽ എത്ര കരുത്തുറ്റതായാലും അത് പരാജയപ്പെടുമെന്നും അംബേദ്കറെ ഉദ്ദരിച്ച് അദ്ദേഹം പറഞ്ഞു.
എഴുതപ്പെട്ട എറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെപ്പറ്റി ആർക്കും വേണ്ട ധാരണയില്ല. ഭരണഘടനാ പഠനം സിലബസിൽ ഉൾപ്പെടുത്തണം. ഒന്നാം ക്ലാസ് മുതൽ ഭരണഘടനാ പാഠഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മാത്രമല്ല ഇന്ത്യൻ ഭരണ ഘടന രൂപീകരിക്കാൻ എത്രത്തോളം പ്രയത്നം വേണ്ടിവന്നുവെന്ന് മനസിലാക്കാൻ പുതിയ തലമുറ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യം കിട്ടിയിട്ടും ഭരണഘടന ഉണ്ടാകാൻ വളരെ കാലം വേണ്ടി വന്നു. രണ്ടുവർഷത്തോളം നീണ്ട പ്രയാസമേറിയ കാലത്തിലൂടെയാണ് ഭരണഘടന തയ്യാറാക്കിയത്. അതിലെ ഓരോ വകുപ്പുകളെപ്പറ്റിയും അന്ന് ഭരണഘടനാ നിർമാണ സഭയിൽ സംവാദങ്ങളും ചർച്ചകളും നടന്നു. അതൊക്കെ മനസിലാക്കാൻ ശ്രമിക്കണമെന്നും എല്ലാ ലോ കോളേജുകളിലും അത് വിഷയമാക്കി പഠിപ്പിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഭരണഘടന രൂപം കൊണ്ടത് എങ്ങനെയായിരുന്നുവെന്ന് അറിയാൻ അത് സഹായിക്കും.
എന്തെല്ലാം വിഷയങ്ങളുണ്ടായാലും ഭരണഘടന വന്നതോടെ രാജ്യം മഴുവൻ ഒരു ചരടിൽ കോർക്കപ്പെട്ടു. എല്ലാ പുരോഗമന ആശയങ്ങളെയും 1950-ൽ തന്നെ ഭരണഘടനയിൽ ഉൾക്കൊള്ളിക്കാനായി എന്ന ഹെർകുലീയൻ ടാസ്കാണ് അന്നത്തെ നിയമനിർമാതാക്കൾ നിർവഹിച്ചത്. ഭരണഘടനയുടെ ആമുഖം തന്നെ എല്ലാവരെയും അഭിസംബോധന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ജുഡീഷ്യൽ ആക്ടിവിസം ഉണ്ടെന്ന വാദങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. ഭരണഘടനാ പ്രകാരം ഒരു കോടതിക്കും അങ്ങനെ അധികാരം പ്രയോഗിക്കാനാകില്ല. അമേരിക്കയിൽ സുപ്രീം കോടതി അധികാരങ്ങൾ വിധിയിലൂടെ കൈവരിക്കുകയാണ് ചെയ്യുക. എന്നാൽ ഇന്ത്യയിൽ എല്ലാ അധികാരങ്ങളും അതിർവരമ്പും ഭരണഘടനയിൽ നിർവചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു നിയമജ്ഞൻ എന്ന നിലയിൽ ചെയ്തതൊക്കെയും ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രമാണെന്നും വിധികളെല്ലാം അതിനെ പിൻപറ്റി മാത്രമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അതിലപ്പുറമൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
content highlights:high court judge justice devan ramachandran criticizes practice of placing flex boards