കണ്ണൂർ: പാർട്ടി ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ മാന്തംകുണ്ടിലെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ പാർട്ടിവിട്ടു. ലോക്കൽ കമ്മിറ്റിമെമ്പറടക്കം 20 പേരാണ് സിപിഎം വിട്ട് സിപിഐയിലേക്ക് പോയത്.
ലോക്കൽ സെക്രട്ടറിയുടെ വിഭാഗീയ പ്രവർത്തനം, പകപോക്കൽ, സാമ്പത്തിക അരാജകത്വം സഹിക്കാവുന്നതിലപ്പുറമാണെന്നും ഇത് നേതൃത്വത്തോട് പറഞ്ഞു മടുത്തുവെന്നും പാർട്ടിവിട്ടവർ പറയുന്നു. ഇത്തരക്കാരെ നേതാക്കൾ തന്നെ സംരക്ഷിക്കുന്ന സമീപനമാണ് ഉണ്ടാകുന്നത്. വ്യക്തമായ തെളിവ് സഹിതം പരാതി നൽകിയിട്ടും പൂർണ്ണമായും അവഗണിക്കുന്ന സമീപനമാണ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇവർ ആരോപിക്കുന്നു.
സജീവമായി പ്രവർത്തിക്കുന്നവരെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി സ്വയം നേതൃത്വത്തിൽ നിന്ന് ഒഴിവായവരെയൊക്കെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കുകയാണ് ചെയ്തത്. തികച്ചും വിഭാഗീയതയാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. സെക്രട്ടറിയുടെ വ്യക്തി താൽപ്പര്യമാണ് ഇതിന് പിന്നിലുള്ളത്.
നേതാക്കൾക്ക് ഒരേ വിഷയത്തിൽ ഇരട്ട നീതിയാണ്. പാർട്ടി സഖാക്കളെ പക്ഷപാതപരമായി കാണുന്ന സമീപനമാണ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പാർട്ടിക്കകത്തെ കള്ളനാണയങ്ങളെ സംരക്ഷിച്ചു പോകുന്ന പാർട്ടി നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. സിപിഐഎമ്മുമായി തുടർന്നു പോകാൻ സാധിക്കില്ല. ഇനിയുള്ള പ്രവർത്തനം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ തീരുമാനിച്ചുവെന്നും പുറത്ത് പോയവർ വ്യക്തമാക്കി.
Content Highlights: CPIM workers left the party and join CPI in kannur