തിരുവനന്തപുരം
സംസ്ഥാനത്ത് ഒന്നാമതെത്താനുള്ള വിപുല പ്രചാരണ പരിപാടിക്ക് കേരള ബാങ്ക് തുടക്കമിടും. ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി 29ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മാർച്ച് 31വരെയുള്ള പ്രചാരണത്തിൽ മികവ് പുലർത്തുന്ന ശാഖകൾക്ക് സമ്മാനം നൽകുമെന്ന് സഹകരണമന്ത്രി വി എൻ വാസവനും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനങ്ങളിൽ കേരള ബാങ്കിന്റെ മതിപ്പ് വർധിപ്പിക്കലാണ് ആദ്യ ദൗത്യം. ജീവനക്കാരിൽ ഉത്സാഹവും സേവനതൽപ്പരവും ഉയർത്തുക, പ്രവർത്തനത്തിൽ പ്രൊഫഷണലിസം ഉറപ്പാക്കുക, ബിസിനസ് വർധിപ്പിക്കുക എന്നിവയ്ക്ക് ഊന്നലുണ്ടാകും. ഭരണസമിതി അംഗങ്ങൾ നേതൃത്വം വഹിക്കും.
മികച്ച പ്രകടനം നടത്തുന്ന ശാഖ, ക്രെഡിറ്റ് പ്രോസസിങ് സെന്റർ, റീജ്യണൽ ഓഫീസ് എന്നിവയ്ക്ക് ‘ബീ ദി നമ്പർ വൺ’ മിനിസ്റ്റേഴ്സ് ട്രോഫി നൽകും. മികച്ച ജില്ലയ്ക്ക് മൂന്നുലക്ഷം രൂപയും സംസ്ഥാനതലത്തിൽ മികച്ച ശാഖയ്ക്ക് രണ്ടുലക്ഷം രൂപയും ജില്ലാതലത്തിൽ മികച്ച ശാഖയ്ക്ക് 50,000 രൂപയും സമ്മാനമുണ്ടാകും.
നിഷ്ക്രിയ ആസ്തിയുടെ കുറവ്, ബിസിനസ് വളർച്ച, നിക്ഷേപ–- വായ്പാ വർധന, കറന്റ് ആൻഡ് സേവിങ്സ് അക്കൗണ്ട് വർധന, ഇവയിലെ നിക്ഷേപ വർധന, വായ്പാ വർധന, സ്വർണപ്പണയ വായ്പാ വർധന, തുടങ്ങിയവയാണ് അവാർഡിന് പരിഗണിക്കുക. വൈസ് പ്രസിഡന്റ് എം കെ കണ്ണൻ, സിഇഒ പി എസ് രാജൻ, സിജിഎം കെ സി സഹദേവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.