തിരുവനന്തപുരം
സംസ്ഥാനത്ത് കാലവർഷത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത് 119 കോടി രൂപ. തുക നേരത്തേ അനുവദിച്ചെങ്കിലും മഴ തുടരുന്നത് പ്രവൃത്തി തുടങ്ങുന്നതിന് തടസ്സമായി. മഴ മാറിനിന്നതോടെ അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും 20 കോടിയുടെ പ്രവൃത്തിയാണ് നടത്താനായത്. അപ്പോഴേക്കും മഴ വീണ്ടും ശക്തമായി. കാലവർഷത്തിനുശേഷമുണ്ടായ തുടർച്ചയായ ന്യൂനമർദമാണ് പൊതുമരാമത്ത് പ്രവൃത്തികളെ താളംതെറ്റിച്ചത്.
അറ്റകുറ്റപ്പണി സെപ്തംബറിലും ഒക്ടോബറിലും നടത്താനായിരുന്നു തീരുമാനം. നവംബർ പകുതി മുതൽ മെയ് വരെയാണ് സംസ്ഥാനത്ത് റോഡ് പണി വേഗത്തിൽ നടത്തുക. ഇത്തവണ നവംബർ തീരാറായിട്ടും അറ്റകുറ്റപ്പണി തുടങ്ങാനായിട്ടില്ല.119 കോടിക്കുപുറമെ അറ്റകുറ്റപ്പണിക്ക് റണ്ണിങ് കോൺട്രാക്ടായി 137. 41 കോടി രൂപയും കഴിഞ്ഞ ദിവസം അനുവദിച്ചിട്ടുണ്ട്. 2481.5 കിലോമീറ്റർ റോഡിന് ഒരു വർഷത്തെ അറ്റകുറ്റപ്പണിക്കാണ് ഈ തുക. മഴ മാറിയാൽ ഉടൻ പണിയാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെ ന്ന് മന്ത്രി പറഞ്ഞു.