മണിക്കൂറുകൾ നീൻ്റ ചോദ്യം ചെയ്യലിന് ശേഷമാണ് സൈജു തങ്കച്ചൻ്റെ അറസ്റ്റ് ആന്വേഷണ സംഘം രേഖപ്പെടുത്തിയത്. നാളെ ഇയാൾ കോടതിയിൽ ഹാജരാക്കും. കൊച്ചി കളമശേരി മെട്രോ പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ സൈജു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹോട്ടലിൽ നിന്നും മോഡലുകൾ സഞ്ചരിച്ച കാറിനെ സൈജു പിന്തുടർന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മോഡലുകളുടെ മരണത്തിന് ശേഷം സൈജു തങ്കച്ചൻ ഒളിവിൽ പോകുകയും മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തു. ഒളിവിൽ പോയ സൈജുവിനെ കണ്ടെത്താൻ അന്വേഷണ സംഘം നീക്കം ശക്തമാക്കിയതോടെ അഭിഭാഷകനൊപ്പം കളമശേരി മെട്രോ പോലീസ് സ്റ്റേഷനിൽ ഹാജരായത്.
സൈജു തങ്കച്ചനിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുള്‍ റഹ്മാനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
ഡിജെ പാർട്ടി നടന്ന ‘നമ്പർ 18’ ഹോട്ടലിൽ നിന്ന് അഞ്ജന ഷാജനും അൻസി കബീറും ഉൾപ്പെട്ടവർ മടങ്ങിയപ്പോൾ സൈജു കാറിൽ പിന്തുടരുകയായിരുന്നു. സൈജു പിന്നാലെ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കുണ്ടന്നൂരിൽ വെച്ച് മോഡലുകൾ സഞ്ചരിച്ച കാർ ഡ്രൈവർ അബ്ദു റഹ്മാൻ കാർ നിർത്തി. ഇവിടെവച്ച് സൈജുവുമായി തർക്കമുണ്ടായി. ഇതിന് ശേഷം ഇരുകാറുകളും അമിത വേഗതയിൽ ഇവിടെ നിന്ന് പോകുകയും ചെയ്തു. സൈജു ഓടിച്ച ഓഡി കാർ പലതവണ മോഡൽകൾ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യുകയും ചെയ്തുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
അതേസമയം, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്. പ്രതികൾ ചൂണ്ടിക്കാട്ടിയ സ്ഥലത്താണ് ഫയര്‍ ആന്റ് റസ്ക്യൂ സർവ്വീസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ തെരച്ചിൽ നടത്തിയത്. അപകടത്തിന് പിന്നാലെ ഈ ഹാർഡ് ഡിസ്ക്കുകൾ കായലിൽ വലിച്ചെറിഞ്ഞെന്നാണ് ഹോട്ടൽ ജീവനക്കാരായ വിഷ്ണു കുമാറിൻ്റെയും മെൽവിൻ്റെയും മൊഴി. കാർ പിന്തുടർന്ന സൈജു തങ്കച്ചനുമായും ഹോട്ടലുടമ റോയിയുമായും യുവതികൾ തർക്കിച്ചെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും റൂഫ് ടോപ്പിലെയും പാർക്കിങ് ഏരിയയിലെയും സിസിടിവി ക്യാമറുകളുടെ ഹാർഡ് ഡിസ്ക് ഊരി മാറ്റി ബ്ലാങ്ക് ഡിസ്ക് ഘടിപ്പിച്ച നിലയിലായിരുന്നു. ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്ക് ശേഷമുള്ള രാത്രി 10.43നുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസിൻ്റെ കൈവശമുള്ളതെന്നാണ് റിപ്പോർട്ട്.