കൊച്ചി: ഭർതൃപീഡനത്തെ തുടർന്ന് ആലുവയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട സി.ഐ സുധീർ നേരത്തെയും പലതവണ ആരോപണങ്ങൾ നേരിട്ടുണ്ട്. കേരളം ഏറെ ചർച്ച ചെയ്ത കൊല്ലം ഉത്ര വധക്കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയതിന് ആഭ്യന്തര അന്വേഷണം നേരിട്ട ഉദ്യോഗസ്ഥനാണ് സുധീർ. അഞ്ചൽ, കടക്കൽ സ്റ്റേഷനുകളിൽ എസ്.ഐ, സി.ഐ സ്ഥാനത്തിരിക്കുമ്പോൾ മോശം പെരുമാറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങളും സുധീറിനെതിരേ ഉണ്ടായിരുന്നു.
ഉത്ര വധക്കേസിന്റെ പ്രാഥമിക അന്വേഷണ ഘട്ടത്തിൽ എസ്.ഐ, എ.എസ്.ഐ എന്നിവരുടെ റിപ്പോർട്ടുകൾ വിലക്കെടുക്കാതെ അലംഭാവം കാണിച്ചെന്ന് പരാതിയാണ് സുധീറിനെതിരേ ഉയർന്നത്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തിൽ സി.ഐ. വീഴ്ച വരുത്തിയെന്ന് കൊല്ലം റൂറൽ എസ്.പി.യുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഉത്ര മരിച്ച ദിവസം എ.എസ്.ഐ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുമ്പോൾ ബന്ധുക്കൾക്ക് സംശയം തോന്നിയിരുന്നു. തുടർന്നാണ് പാമ്പിനെ കത്തിച്ച് കളയാതെ കുഴിച്ചിടുകയും ഉത്രയുടെ രക്തം രാസപരിശോധനക്ക് അയക്കുകയും ചെയ്തത്. ഇക്കാര്യങ്ങൾ സി.ഐയായിരുന്ന സുധീറിനെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും അദ്ദേഹം മുഖവിലക്കെടുത്തില്ല. പിന്നീട് ക്രൈംബ്രാഞ്ച് സംഘം ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോവുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതിനുപിന്നാലെയാണ് ഇപ്പോൾ നിയമവിദ്യാർഥിയായ മൊഫിയയുടെ ആത്മഹത്യയിലും സുധീറിനെതിരേ ആരോപണം ഉയർന്നത്. ഭർതൃപീഡനത്തിന് പരാതി നൽകാനെത്തിയ മൊഫിയയെ സിഐ സുധീർ സ്റ്റേഷനിൽവെച്ച് അപമാനിച്ചുവെന്നാണ് ആരോപണം. ഇതിനുശേഷം സ്റ്റേഷനിൽനിന്ന് പോയ മൊഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാർത്താവിനും മാതാപിതാക്കൾക്കും പുറമേ സുധീറിനെതിരേയും മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ടായിരുന്നു.
നേരത്ത അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും സുധീറിന് വീഴ്ചകൾ സംഭവിച്ചതായി പരാതി ഉയർന്നിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാൻ സി.ഐയുടെ ഒപ്പ് ആവശ്യമാണ്. ഈ സമയത്ത് തന്റെ വീടുപണി നടക്കുന്ന സ്ഥലത്താണ് സുധീർ ഉണ്ടായിരുന്നത്. ഇതിനായി ദമ്പതികളുടെ മൃതദേഹം 17 കിലോമീറ്റർ അകലെയുള്ള സിഐയുടെ വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതേതുടർന്ന് അന്ന് കൊല്ലം റൂറൽ എസ്.പിയായിരുന്ന ഹരിശങ്കർ സുധീറിന് ലോ ആൻഡ് ഓർഡറിൽ ജോലി നൽകരുതെന്നും സസ്പെൻഷൻ നൽകണമെന്നും റിപ്പോർട്ട് നൽകി. എന്നാൽ ഇയാളെ എറണാകുളം റൂറലിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.മുമ്പ് അഞ്ചൽ സ്റ്റേഷനിൽ ഇതര സംസ്ഥാന തൊഴിലാളികൾ പരാതിയുമായി എത്തിയപ്പോൾ പരാതി സ്വീകരിക്കാതെ സുധീർ അവരെക്കൊണ്ട് സ്റ്റേഷൻ കഴുകിക്കുകയും പരിസരം വൃത്തിയാക്കിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും പരാതി ഉയർന്നതോടെ സുധീറിന് കർശന താക്കീത് ലഭിച്ചിരുന്നു. തുടർച്ചയായി നിരവധി വീഴ്ചകളുണ്ടായിട്ടും സുധീറിനെതിരേ കടുത്ത നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നില്ല.
content highlights:action against CI Sudheer, mofiya death case