പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത വർഷം ജനുവരി 25ലേക്കാണ് വിചാരണ മാറ്റിയത്. കേസ് പരിഗണിച്ച മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ സ്പെഷ്യൽ കോടതിയാണ് വിചാരണ വീണ്ടും നീട്ടിയത്. ഇത് മൂന്നാം തവണയാണ് വിചാരണ നടപടികൾ മാറ്റുന്നത്.
നാല് വർഷത്തോളമായിട്ടും കേസിൽ വിചാരണ തുടങ്ങാത്തതിനെതിരേ മധുവിന്റെ കുടുംബവും രംഗത്തെത്തി. മകന് നീതി കിട്ടണമെന്ന് മധുവിന്റെ അമ്മ മല്ലി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേസിന്റെ പിന്നാലെ പോകാനും സമ്മർദ്ദം ചെലുത്താനും ഞങ്ങൾക്ക് ആരുമില്ലെന്നും വീട്ടിൽ മൂന്ന് പെണ്ണുങ്ങൾ മാത്രമുള്ള തങ്ങൾ എന്തുചെയ്യുമെന്നും മല്ലി ചോദിക്കുന്നു.
2018 ഫെബ്രുവരി 22നായിരുന്നു മാനസിക വിഭ്രാന്തിയുള്ള മധുവിനെ ആൾക്കൂട്ടം വിചാരണ നടത്തി അടിച്ചുകൊന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ക്രൂരകൃത്യം. മധുവിനെതിരേയുള്ള മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സംഭവം വലിയ ചർച്ചയായത്.
content highlights:madhu murder case, trial postponed