ആലുവ: നിയമ വിദ്യാർഥിനി ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മൊഫിയ പർവീൺ (21) ആത്മഹത്യ ചെയ്ത കേസിൽ പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ഭർതൃവീട്ടുകാർക്കെതിരെ മൊഫിയയുടെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് റിപ്പോർട്ട്.
ഭർതൃവീട്ടിൽ മൊഫിയ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭർതൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാൾ മൊഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. മൊഫിയയെ മാനസിക രോഗിയായി ഭർതൃവീട്ടുകാർ മുദ്രകുത്തിയിരുന്നതായും റിപ്പോർട്ടിൽചൂണ്ടിക്കാട്ടുന്നു.
40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണംനൽകാത്തതിനെ തുർന്നാണ് പീഡനം തുടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മൊഫിയ പുറത്ത് പറയാൻ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികൾ വെളിപ്പെടുത്തിയിരുന്നു. ഭർത്താവ് സുഹൈൽ സ്വകാര്യ ഭാഗത്ത് പച്ചകുത്താൻ നിർബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായാണ് വെളിപ്പെടുത്തൽ. ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മൊഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.