തിരുവനന്തപുരം
രണ്ടു പതിറ്റാണ്ടായി നടക്കുന്ന ചർച്ചയുടെകൂടി ഫലമായി ആഘാതവും ചെലവും പരമാവധി കുറച്ചുള്ള പദ്ധതിയാണ് കെ റെയിൽ. യാത്രാക്ലേശം പരിഹരിക്കുക മാത്രമല്ല അർധ അതിവേഗപാത; ഭൂപ്രകൃതിക്കനുസരിച്ച് പദ്ധതി രൂപകൽപ്പന ചെയ്തതിലും ബദലാകും. അതിവേഗ പാതയ്ക്ക് ആദ്യം പദ്ധതിയിട്ടത് ഉമ്മൻചാണ്ടിയാണ്. അന്ന് ഇ ശ്രീധരനും പിന്തുണച്ചു.
പാതയ്ക്ക് ഉപയോഗിക്കുന്നത് പരമ്പരാഗത സാങ്കേതികവിദ്യയാണ്. നിലവിൽ ഉപയോഗിക്കുന്ന ഇരട്ട റെയിൽപ്പാതയ്ക്ക് കിലോ മീറ്ററിന് 50–- 60 കോടി രൂപ ചെലവു വരും. എന്നാൽ, ഇതേ അലൈൻമെന്റ് വളവ് നിവർത്തി, ട്രാക്ക് സ്ട്രക്ചറിലും സിഗ്നലിങ്ങിലും മാറ്റംവരുത്തി മെച്ചപ്പെട്ട റോളിങ് സ്റ്റോക്കുകൾ സ്ഥാപിച്ചാൽ 200 കിലോ മീറ്റർ വേഗത്തിൽ ഓടിക്കാം. ഇത് പരമ്പരാഗത സംവിധാനം ആധുനീകരിച്ച് ചെയ്യുന്നതാണ്. ചെലവ് 120 കോടിയോളം. അതേസമയം, 350 കി. മീ. വേഗമുള്ള അതിവേഗ സാങ്കേതികവിദ്യക്ക് ചെലവ് 256 കോടി രൂപയാണ്. ഇറക്കുമതി ചെയ്യുന്ന ഈ സാങ്കേതികവിദ്യയുള്ള പാതയിൽ അർധ അതിവേഗ വണ്ടി ഓടിക്കുന്നത് നഷ്ടവും. യുഡിഎഫ് വിഭാവനം ചെയ്ത അതിവേഗപാതയ്ക്ക് ഒരുലക്ഷം കോടിയിലധികം രൂപ ചെലവ് വരുമ്പോൾ ഇവിടെ 63,941 കോടി രൂപയാണ് ചെലവ്. 2025 വരെയുള്ള ചെലവു വർധനയും നികുതികളും പലിശയും ഉൾപ്പെടെയാണ് ഇത്. ഒരു മാസത്തെ സർവേയിലൂടെ എടുത്ത കണക്കു പ്രകാരം ആദ്യഘട്ടംതന്നെ പ്രതിദിനം 80,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു. 74 യാത്രാവണ്ടികളായിരിക്കും ഓടിക്കുക. പദ്ധതി സമയത്ത് തീരുമോയെന്ന സംശയവും അസ്ഥാനത്ത്. രണ്ടു കൊല്ലത്തിനകം ഭൂമി ഏറ്റെടുത്താൽ അഞ്ചു വർഷംകൊണ്ട് തീരും.
പദ്ധതി ഇങ്ങനെ
പാരിസ്ഥിതികാനുമതി വേണ്ട, എന്നിട്ടും പഠനം
വയലുകളിൽ പാത തൂണുകൾക്കു മുകളിൽ
എംബാങ്ക്മെന്റു (മൺതിട്ട) മൂലം വെള്ളപ്പൊക്കമുണ്ടാകില്ല
എങ്ങും മതിലില്ല, സംരക്ഷണവേലിമാത്രം
500 മീറ്ററിനിടെ മുറിച്ചുകടക്കാൻ സംവിധാനം
ട്രാക്കിന്റെ അറ്റകുറ്റപ്പണിക്കുശേഷം ഓടിക്കുക
6 ചരക്കുവണ്ടി
പദ്ധതിക്ക് ഗൂഗിൾ സർവേയല്ല, ലിഡാർ സർവേ
ഡിപിആർ പരസ്യപ്പെടുത്തേണ്ടെന്ന് സുപ്രീംകോടതി