കൊച്ചി
ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്ന് എക്സൈസ് വകുപ്പിന്റെ റിപ്പോർട്ട്. ഹോട്ടലിൽ തുടർച്ചയായി അബ്കാരി നിയമലംഘനം നടന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായും എക്സൈസ് കമീഷണർക്ക് ഡെപ്യൂട്ടി കമീഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ 23ന് നിശാപാർടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും മയക്കുമരുന്ന് കണ്ടെത്തിയില്ല. മോഡലുകൾ ഉൾപ്പെടെ മൂന്നുപേർ കാറപകടത്തിൽ മരിച്ച ഒക്ടോബർ 31ന് ഹോട്ടലിൽ രാത്രി ഒമ്പത് കഴിഞ്ഞും മദ്യം വിളമ്പിയതായി പൊലീസ് കണ്ടെത്തിയിരുന്നു. നവംബർ ഒന്നിന് ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കി. രണ്ടിന് ഹോട്ടൽ തുറന്നെങ്കിലും എക്സൈസ് പൂട്ടിച്ചു. പൊലീസുമായി സഹകരിച്ച് കൂടുതൽ അന്വേഷണം നടത്താൻ കൊച്ചി എക്സൈസ് സിഐയെ ചുമതലപ്പെടുത്തിയതായി എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ കെ അനിൽകുമാർ പറഞ്ഞു.
മോഡലുകൾ സഞ്ചരിച്ച കാർ ഓടിച്ച അബ്ദുൾ റഹ്മാനെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്തിരുന്നു. മോഡലുകളെ പിന്തുടർന്ന ഔഡി കാർ ഉടമ സൈജു തങ്കച്ചന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും എത്തിയില്ല. സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്കിനായി കായലിൽ നടത്തുന്ന തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു.