ലണ്ടൻ
പിഎസ്ജിയുടെ സൂപ്പർ താരനിര മാഞ്ചസ്റ്റർ സിറ്റിയുടെ അഴകുള്ള നീക്കങ്ങളിൽ മയങ്ങിവീണു. പാരിസിലെ തോൽവിക്ക് ഇത്തിഹാദിൽ കണക്കുതീർത്ത സിറ്റി 2–1ന്റെ ആധികാരിക ജയം നേടി. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് എയിൽനിന്ന് ഒന്നാംസ്ഥാനക്കാരായാണ് സിറ്റി നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്. പിഎസ്ജി രണ്ടാംസ്ഥാനക്കാരായി എത്തി.
സിറ്റിയുടെ തട്ടകത്തിൽ എംബാപ്പെയിലൂടെ പിഎസ്ജിയാണ് ലീഡ് നേടിയത്. 15 മിനിറ്റിനുള്ളിൽ സ്റ്റെർലിങ് സിറ്റിയുടെ സമനിലഗോൾ നേടി. പിന്നാലെ ഗബ്രിയേൽ ജെസ്യൂസ് സിറ്റിയുടെ ജയംകുറിച്ചു. അയാക്സ്, ബയേൺ മ്യൂണിക്, ചെൽസി, ഇന്റർ മിലാൻ, യുവന്റസ്, ലിവർപൂൾ, മാഞ്ചസ്റ്റർ യുണെെറ്റഡ്, റയൽ മാഡ്രിഡ്, സ്പോർടിങ് സി പി ടീമുകളും അവസാന പതിനാറിൽ ഇടംപിടിച്ചപ്പോൾ ബൊറൂസിയ ഡോർട്ട്മുണ്ട് പുറത്തായി. അത്ലറ്റികോ മാഡ്രിഡ്, എസി മിലാൻ, പോർട്ടോ, ബാഴ്സലോണ ടീമുകൾക്ക് അവസാന മത്സരംവരെ കാത്തിരിക്കണം.
ഗ്രൂപ്പ് ബിയിൽ ലിവർപൂൾ 2–0ന് പോർടോയെ മറികടന്നു. തിയാഗോയും മുഹമ്മദ് സലായും ലക്ഷ്യംകണ്ടു. അത്-ലറ്റികോയെ ഒരു ഗോളിന് കീഴടക്കിയ എസി മിലാൻ പ്രതീക്ഷ നിലനിർത്തി. ഗ്രൂപ്പ് സിയിൽ ഡോർട്ട്മുണ്ടിനെ 3–1ന് തകർത്ത് സ്പോർടിങ് കടന്നു. ഷെരീഫിനെ മൂന്ന് ഗോളിന് തകർത്ത് റയൽ ഒന്നാംസ്ഥാനക്കാരായി മുന്നേറി.