തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സർക്കാർ സിജെഎം കോടതിയിൽ അപേക്ഷ നൽകി. കേസിൽ സിപിഎം കൗൺസിലർ ഐ.പി. ബിനു അടക്കം നാല് പ്രതികളാണുള്ളത്. സർക്കാരിന്റെ അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചിട്ടുണ്ട്. കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള എതിർപ്പുണ്ടെങ്കിൽ അറിയിക്കാനാണ് കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.
നോട്ടീസ് ലഭിച്ചതിന് പിന്നാലെ ബിജെപി ഈ ഹർജിക്കെതിരെ തടസ്സഹർജിയും നൽകിയിട്ടുണ്ട്. അടുത്ത വർഷം ജനുവരി ഒന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും. 2017 ജൂലായ് 28-നാണ് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമിക്കപ്പെട്ടത്. രാത്രിയിലായിരുന്നു ആക്രമണം.
കേസിൽ സിപിഎം കൗൺസിലറായിരുന്ന ഐ.പി.ബിനു അടക്കം നാല് പേരാണ് പ്രതികൾ. ഓഫീസ് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവരികയും ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക്വഴിവെക്കുകയും ചെയ്തിരുന്നു.
Content highlights:government to withdraw case on bjp state committee office attack