സംഭവ ദിവസം സിഐയുടെ മുന്നിൽ വെച്ച് സുഹൈൽ മൊഫിയയെ അപമാനിച്ചു. സ്ത്രീത്വത്തെ അപമാനിച്ചിട്ടും സിഐ പ്രതികരിച്ചില്ല. സഹിക്കാൻ കഴിയാത്ത ഭാഷയിൽ സംസാരിച്ചതുകൊണ്ടാണ് മൊഫിയ സുഹൈലിനെ അടിച്ചത്. ഇതോടെ നീ മനോരോഗിയല്ലേ എന്നു ചോദിച്ചുകൊണ്ട് സിഐ മൊഫിയയ്ക്കെതിരെ തിരിഞ്ഞു. സിഐ ഇത്തരത്തിൽ സംസാരിച്ചതാണ് മൊഫിയയെ തകർത്തു കളഞ്ഞതെന്ന് പ്യാരി പറയുന്നു.
അതേസമയം മൊഫിയ നൽകിയ ഗാർഹിക പീഡന പരാതിയിൽ കേസെടുക്കുന്നതിൽ സിഐ സുധീറിന് വീഴ്ച പറ്റിയെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 29 ന് പരാതി ഡിവൈഎസ്പി സിഐക്ക് കൈമാറിയിരുന്നു. എന്നാൽ സിഐ നടപടി സ്വീകരിച്ചില്ല. കേസെടുക്കാതെ 25 ദിവസത്തോളം സിഐ കേസ് വൈകിപ്പിച്ചു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡിഐജി നീരജ് കുമാർ ഗുപ്ത നടത്തിയ അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്തിയത്. സുധീർ കേസിന്റെ തുടർ അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു. എന്നാൽ കേസ് എടുക്കുന്ന കാര്യത്തിൽ അടക്കം മേൽനോട്ടം വഹിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സ്റ്റേഷനിലെ ദൈനംദിന കേസുകളുടെ പെരുപ്പം മൂലം അന്വേഷണ ചുമതല മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് സിഐ നൽകുന്ന വിശദീകരണം. ഈ ഉദ്യോഗസ്ഥൻ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ നവംബർ 18 ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചു. എന്നാൽ പരീക്ഷയുണ്ടെന്നു പറഞ്ഞ് മൊഫിയ ഹാജരായില്ലെന്ന് സിഐ പറയുന്നു. മൊഫിയയെ പോലീസ് അവഹേളിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
കേസ് അന്വേഷണത്തിന്റെ ഭാഗമായി മൊഫിയയുടെ ഭർത്താവ് സുഹൈലിനേയും വിളിച്ചുവരുത്തിയിരുന്നു. സിഐയുടെ മുറിയിൽ വെച്ചു നടന്ന സംസാരത്തിനിടെ സുഹൈൽ അപമര്യാദയായി സംസാരിച്ചതോടെയാണ് മൊഫിയ ഭർത്താവിനെ അടിച്ചത്. ഈ ഘട്ടത്തിൽ സിഐക്ക് ഉറക്കെ സംസാരിക്കേണ്ടി വരികയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നീരജ് കുമാർ ഗുപ്തയുടെ റിപ്പോർട്ട് തുടർ നടപടിക്കായി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.