ആലുവ: ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മൊഫിയ പർവീണിന്റെ സഹപാഠികളായ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.പിക്ക് പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധം കനത്തതിനെ തുടർന്ന്പിന്നീട് വിദ്യാർഥികളെ വിട്ടയച്ചു.17 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചത്.
മൊഫിയയുടെ ആത്മഹത്യയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാർഥികൾ ഇന്ന് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഓഫീസിന് ഏതാനും മീറ്റർ അകലെവെച്ച് മാർച്ച്പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥികൾ എസ്.പിഓഫീസിൽ നേരിട്ടെത്തി മൊഫിയ വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി.
ഇതിന് ശേഷം അവർ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യം ഇവരെ എ.ആർ.ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട്എടത്തല സ്റ്റേഷനിലേക്ക് മാറ്റി. ഇത് വാർത്തയായതിനെ തുടർന്ന് പിന്നീട് പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ കസ്റ്റഡിയിൽ എടുത്തതെന്ന് വിദ്യാർഥികൾ പറയുന്നു. ക്രിമിനലുകളോട് പെരുമാറുന്നതുപോലെയാണ് തങ്ങളോട് പോലീസ് പെരുമാറിയതെന്നും അവർ ആരോപിച്ചു.
Content Highlights:Mofias classmates detained after coming to file complaint in SP office