കാടിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയ്ക്കെതിരെ മന്ത്രിക്ക് പരാതി നൽകാനാണ് ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി എന്ന സ്ഥലത്തുള്ളവരുടെ തീരുമാനം. തെറിവിളികൾ നിരവധിയുള്ള ചിത്രത്തിലെ സംഭാഷണങ്ങൾ ഗ്രാമവാസികളെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചുരുളിക്കാർ ആഭാസന്മാരല്ലെന്നും നിയമസഭാ ചരിത്രത്തിൽ വരെ ഇടം പിടിച്ച സ്ഥലമാണ് ചുരുളി. ഗ്രാമത്തിൻ്റെ പേരിന് കളങ്കം വരുത്തുന്നതാണ് ചിത്രത്തിലെ സംഭാഷണങ്ങളെന്നും പ്രദേശവാസികൾ പറയുന്നുണ്ട്.
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി എന്ന സ്ഥലത്ത് നൂറ് കണക്കിന് കുടുംബങ്ങളാണുള്ളത്. 1960ൽ ഇവിടേക്ക് കുടിയേറിയവരും സർക്കാരും തമ്മിലുള്ള തർക്കം കേരളത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ്. കുടിയേറിയവരെ ഇറക്കിവിടാൻ ശ്രമിച്ച സർക്കാർ കീരിത്തോട്ടിലും ചുരുളിയിലും കർഷകർക്കെതിരെ ലാത്തിച്ചാർജ് നടത്തിയിരുന്നു. പോലീസ് നടപടിക്കെതിരെ എകെജി, ഫാ. വടക്കന്‍, മത്തായി മാഞ്ഞൂരാന് എന്നിവരടക്കമുള്ളവര്‍ കർഷകരെ ഒപ്പം നിർത്തി ചുരുളിയിലും കീരിത്തോട്ടിലും സമരം നടത്തിയിരുന്നു. കർഷകരുടെ അവകാശങ്ങൾക്കായി എകെജി നിരാഹാരം കിടക്കുകയും ചെയ്തിരുന്നു.
റിലീസിനു മുൻപ് തന്നെ ഏറെ മാധ്യമ ശ്രദ്ധ ആകർഷിച്ച ചിത്രമാണ് ചുരുളി. വേറിട്ട അഭിനേതാക്കളുടെ സാന്നിധ്യം കൊണ്ടും അമരക്കാരനായി ലിജോ ജോസ് പെല്ലിശ്ശേരി എന്ന മാന്ത്രിക സംവിധായകനുള്ളതുകൊണ്ടുമൊക്കെയാണ് ചുരുളി ആദ്യം മുതലേ വാർത്താ കോളങ്ങളിൽ നിറഞ്ഞിരുന്നത്. സോണി ലൈവിലൂടെ ചുരുളി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ വലിയ ചർച്ചയായി മാറിയത് സിനിമയിലെ തെറിവിളി പ്രയോഗങ്ങളാണ്.
സിനിമയിലെ തെറിവിളി വിവാദമായതോടെ സിനിമ റിലീസ് ചെയ്യുന്നതിന് തലേദിവസമായ നവംബര്‍ 18ന് അനുയോജ്യമായ മാറ്റങ്ങളോടെ ചുരുളിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ആ പതിപ്പല്ല സോണി ലൈവിലൂടെ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം.