നോർവീജിയൻ തപാൽ സേവനമായ പോസ്റ്റെൻ ആണ് പരസ്യത്തിന് പിന്നിൽ. 1972-ൽ നോർവേ സ്വവർഗരതി കുറ്റകരമല്ലാതാക്കിയതിന്റെ 50-ാം വാർഷികത്തിൻ്റെ ഭാഗമായാണ് ഇത്തരമൊരു പരസ്യം പോസ്റ്റെൻ തയ്യാറാക്കിയത്. വെൻ ഹാരി മെറ്റ് സാലി എന്ന ഹിറ്റ് സിനിമയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ‘വെൻ ഹാരി മെറ്റ് സാന്റ’ എന്നാണ് പരസ്യത്തിന് പേരിട്ടിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ ഉറക്കത്തിൽ നിന്നെഴുനേൽക്കുന്ന ഹാരി എന്ന് പേരുള്ള വ്യക്തി തന്റെ സ്വീകരണമുറിയിലേക്ക് വരുമ്പോൾ ക്രിസ്മസ് ട്രീയിൽ സമ്മാനങ്ങൾ ക്രമീകരിക്കുന്ന സാന്റാക്ളോസിനെ കാണുന്നു. ഹാരി തന്നെ കണ്ടു എന്ന് മനസ്സിലാക്കിയ നിമിഷം സാന്റാക്ലോസ് ചിമ്മിനി വഴി അപ്രത്യക്ഷനാകുന്നു. അടുത്ത വർഷം ക്രിസ്മസ് സമയത്ത്, ഹാരി കട്ടിലിൽ കിടന്ന് സാൻ്റയെക്കുറിച്ച് ചിന്തിക്കുന്നതാണ് അടുത്ത രംഗം. തുടർന്ന് തന്റെ സ്വീകരണമുറിയിലേക്ക് ചെല്ലുമ്പോൾ, സാന്റ ഹരിയുടെ ചെറുപ്പത്തിലേ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലേക്ക് ഉറ്റുനോക്കുന്നത് ഹാരി കാണുന്നു.
മൂന്നാം വർഷം, ഹാരി സാന്തയ്ക്ക് വേണ്ടി പ്രത്യേകം വസ്ത്രം ധരിച്ച് സോഫയിൽ കാത്തിരുന്നെങ്കിലും ഉറങ്ങിപോവുന്നു. തൊട്ടടുത്ത സോഫയിൽ വന്നിരിക്കുന്ന സാന്റ “നീ കൂർക്കംവലിക്കുന്നു,” എന്ന് അല്പം ചിരിച്ചു പറയുകയും ഒരു സമ്മാനം ഹരിയ്ക്ക് നൽകുന്നതുമാണ് അടുത്ത രംഗം. അടുത്ത വർഷം തിരികെ വരുമെന്ന് ഹരിയ്ക്ക് ഉറപ്പുനൽകുകയും ചെയ്യുന്നു.
അടുത്ത വർഷം, സാന്റ സമ്മാനങ്ങൾ വിതരണം ചെയ്യാൻ പോകുന്നതിനു മുൻപായി ഹാരിയുമൊത്ത് കാപ്പി കുടിക്കുന്നതും താമസ പറയുന്നതുമാണ് രംഗം. സാന്തയ്ക്കായി ഒരു വർഷം കൂടി കാത്തിരുന്ന ശേഷം, “എനിക്ക് ക്രിസ്തുമസിന് വേണ്ടത് നിന്നെയാണ്” എന്ന് സാന്റായ്ക്ക് ഹാരി ഒരു കത്തെഴുതുന്നതാണ് അടുത്ത രംഗം.
പിന്നീട്, ഡോർബെൽ അടിക്കുമ്പോൾ സാന്റായാകുമെന്ന് ധരിച്ച് ഹാരി പെട്ടന്ന് വാതിൽ തുറക്കുന്നു. പക്ഷേ അയൽക്കാരി സമ്മാനങ്ങൾ നൽകാൻ എത്തിയതാണ്. സമ്മാനം വാങ്ങി തിരികെ തന്റെ സ്വീകരണമുറയിലെത്തിയപ്പോൾ അതെ നിൽക്കുന്നു സാന്റ. “ഞാൻ ഈ വർഷം അല്പം സഹായം തേടി (എല്ലാവർക്കും സമ്മാനം എത്തിക്കാൻ), അപ്പോൾ എനിക്ക് നിന്റെ അടുത്തിരിക്കാം” എന്ന് സാന്റ പറയുകയും തുടർന്ന് ഇരുവരും ചുംബിക്കുന്നതുമാണ് പരസ്യം.
“വലിയ വൈവിധ്യങ്ങളുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ജോലിസ്ഥലമാണ് പോസ്റ്റൻ, ഈ മികച്ച പ്രണയകഥയുമായി 50-ാം വാർഷികം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” തപാൽ സേവനത്തിന്റെ മാർക്കറ്റിംഗ് ഡയറക്ടർ മോണിക്ക സോൾബെർഗ് LGBTQ നേഷനോട് പറഞ്ഞു.