കാക്കനാട്: വാഹനങ്ങൾ ചീറിപ്പായുന്ന നടു റോഡിൽ കാർ നിർത്തിയിട്ട് മറ്റൊരു കാർ യാത്രികനു ചൂടൻ ഉപദേശം. പിന്നാലെയെത്തിയ മോട്ടോർ വാഹനവകുപ്പ് ‘ഉപദേശി’യെ കൈയോടെ പൊക്കി പിഴയിട്ടു. ബുധനാഴ്ച രാവിലെ ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിലായിരുന്നു സംഭവം.
ഇൻഫോപാർക്ക് ഭാഗത്തുനിന്നാണ് രണ്ടു കാറുകളും വന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചു എന്നാരോപിച്ച് മുന്നിൽപ്പോയ പട്ടിമറ്റം സ്വദേശിയായ യുവാവിന്റെ കാർ തടഞ്ഞ് പിന്നാലെയുണ്ടായിരുന്ന കൊല്ലം സ്വദേശി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് റോഡരികിലേക്ക് കാർ ഒതുക്കി നിർത്തി.
കൊല്ലം സ്വദേശി കാർ നടുറോഡിലും നിർത്തി. യുവാവിനെ കാറിൽ നിന്നു പുറത്തിറക്കിയായിരുന്നു ചൂടൻ ഉപദേശം. അതുവഴി വന്ന എറണാകുളം ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിഷോർകുമാർ കാര്യം തിരക്കി. വാഹനം റോഡിൽ നിന്ന് മാറ്റിയിട്ട് സംസാരിക്കാമെന്ന് വെഹിക്കിൾ ഇൻസ്പെക്ടർ ഇദ്ദേഹത്തോട് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ലത്രെ. ഒടുവിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും മറ്റ് വാഹനങ്ങൾക്ക് അപകടങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ വാഹനം നിർത്തിയിട്ടതിനും കൊല്ലം സ്വദേശിക്കെതിരേ പിഴ ചുമത്തി. വാഹനം തടഞ്ഞുനിർത്തി മോശമായി സംസാരിച്ചതിന് പട്ടിമറ്റം സ്വദേശി ഇയാൾക്കെതിരേ എറണാകുളം ആർ.ടി.ഒ. പി.എം. ഷബീറിന് പരാതിയും നൽകി.