തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ശിശുക്ഷേമ സമിതി നിയമപരമായ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ഒരു ഏജൻസിയും ഇതുവരെ പറഞ്ഞിട്ടില്ല. അത് പറയാത്തിടത്തോളം കാലം ശിശുക്ഷേമ കൗൺസിൽ ചെയർമാൻ ഷിജൂ ഖാനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
ശിശുക്ഷേമ സമിതി എന്തെങ്കിലും തെറ്റ് ചെയ്തതായുള്ള റിപ്പോർട്ട് തന്റെ ശ്രദ്ധയിലില്ല.ബുധനാഴ്ച കുടുംബ കോടതി ദത്തുമായി ബന്ധപ്പെട്ട വിധി പറഞ്ഞു. ആ വിധിയിൽ സമിതിയെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല.
ഷിജുഖാൻ സിപിഎംആയതുകൊണ്ടുള്ള ആക്രമണമാണ് മാധ്യമങ്ങൾ നടത്തുന്നത്. ശിശുക്ഷേമ സമിതിക്ക് ലൈസൻസില്ല എന്ന് തെറ്റായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അത് തിരുത്താൻ തയ്യാറായിട്ടില്ല.
അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് തുടക്കംമുതലുള്ള സർക്കാരിന്റേയും പാർട്ടിയുടേയും നിലപാട്. മറ്റുകാര്യങ്ങളൊക്കെ കോടതിയുടെ പരിഗണനയിലുള്ളതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ തെറ്റ്പറ്റിയതായി പാർട്ടിക്ക് ഇതുവരെ തോന്നിയിട്ടില്ല.
അനുപമ ഐഎഎസ് നൽകിയ റിപ്പോർട്ടിൽ എവിടെയെങ്കിലും ശിശുക്ഷേമ സമിതിക്ക് നിയമപരമായ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി തന്നാൽ പരിശോധിക്കാമെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.