തിരുവനന്തപുരം
കേരളത്തെ രണ്ടായി മുറിക്കുന്ന മതിൽ നിർമിക്കുന്നതല്ല സിൽവർ ലൈൻ പദ്ധതിയെന്നും സംസ്ഥാനത്തിന്റെ ഭാവി ഗതാഗത സൗകര്യം കണക്കിലെടുത്തുള്ള പദ്ധതിക്കെതിരെ കള്ളപ്രചാരണം നടത്തുന്നത് സത്യത്തിന് നിരക്കുന്നതല്ലെന്നും കേരള റെയിൽ ഡപലപ്മെന്റ് കോർപറേഷൻ.
റെയിൽവേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുന്നത്. ഓരോ അഞ്ഞൂറു മീറ്ററിലും മുറിച്ചു കടക്കാനുള്ള സംവിധാനങ്ങളുമുണ്ടാകും. ഇത്രവലിയ പദ്ധതിക്ക് ഗൂഗിൾ സർവേയാണ് നടത്തിയതെന്നതും ശരിയല്ല. വിശദമായ പദ്ധതി റിപ്പോർട്ടിനായി അത്യന്താധുനിക ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് (ലിഡാർ) സർവേയാണ് നടത്തിയത്. 10 സെന്റിമീറ്റർ വരെ കൃത്യതയിൽ വിവരം ശേഖരിക്കാവുന്ന സംവിധാനമായ ലിഡാർ സർവേ നടത്തിയ ശേഷമാണ് അലൈൻമെന്റ് അന്തിമമായി തീരുമാനിച്ചതെന്ന് റെയിൽ ഡവലപ്മെന്റ് കോർപറേഷൻ എംഡി വി അജിത്ത് കുമാർ വ്യക്തമാക്കി.
വസ്തുതകൾ മറച്ചുവച്ചാണ് അർധ അതിവേഗ റെയിൽപാതയ്ക്കെതിരെ യുഡിഎഫും ബിജെപിയും ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി ഇ ശ്രീധരനും ആവർത്തിക്കുന്നത്.