കൊച്ചി
2022ലെ തെക്കുപടിഞ്ഞാറൻ മൺസൂണിനുമുമ്പ് പ്രവചനശേഷി കൂട്ടുന്നതിനായി വടക്കൻകേരളത്തിൽ ഒരു ഡോപ്ലർ റഡാറും സംസ്ഥാനവ്യാപകമായി 85 ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളും സ്ഥാപിക്കുന്നു. 2018ലെ മഹാപ്രളയത്തെ തുടർന്ന് ഐഎംഡി പ്രവചനങ്ങൾ അപര്യാപ്തമാണെന്നും പ്രവചനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ഡോപ്ലർ റഡാറുകൾമാത്രമാണുള്ളത്.
സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2020ൽ 100 പുതിയ ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾ (എഡബ്ല്യുഎസ്) ലഭിക്കുമെന്ന് ഐഎംഡി പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് 15 എണ്ണമേ സ്ഥാപിക്കാനായുള്ളൂ. സ്റ്റേഷനുകൾക്ക് സ്ഥലം നൽകുന്നത് സംസ്ഥാനമാണ്. 85 സ്റ്റേഷനുകൾക്കായി സ്ഥലം കണ്ടെത്തിയതിൽ 62 എണ്ണത്തിന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അനുമതി നൽകി. 23 എണ്ണത്തിനായി കണ്ടെത്തിയ സ്ഥലങ്ങൾ മാനദണ്ഡം അനുസരിച്ചല്ലാത്തതിനാൽ പുതിയ സ്ഥലം കണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണ്. മരങ്ങളുടെ തടസ്സമില്ലാത്ത, 10 മീറ്റർ വീതിയും 10 മീറ്റർ നീളവുമുള്ള സ്ഥലത്ത് അഞ്ചുലക്ഷംരൂപ ചെലവുവരുന്ന ഉപകരണങ്ങളാണ് സ്ഥാപിക്കുക.
ഓരോ ഉപകരണത്തിനും 400 കിലോമീറ്ററിലെ ഡാറ്റ സ്വീകരിക്കാനാകും. താപനില, മഴ, കാറ്റ്, അന്തരീക്ഷമർദം എന്നിവ ഉൾപ്പെടെയുള്ള ഡാറ്റ അഞ്ചുമുതൽ 15 മിനിറ്റുകളുടെ ഇടവേളകളിൽ നൽകും. കാലാവസ്ഥാ വെബ്സൈറ്റിലൂടെ ജനങ്ങൾക്കും ഡാറ്റ കാണാം.