കൊച്ചി > സഭാ തർക്കത്തിൽ പള്ളികളിൽ തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ച് ഹൈക്കോടതിയുടെ വിധി. തർക്കമുള്ള പത്ത് പള്ളികളിൽ ആരാധനയ്ക്ക് പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. നാല് പള്ളികളുടെ ഹർജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
പൂട്ടിക്കിടക്കുന്ന പൂതൃക്ക, ഓണക്കൂർ പള്ളികളുടെ താക്കോൽ 1934 ലെ ഭരണഘടന പ്രകാരം നിയമിതനായ വികാരിക്ക് കൈമാറാനും കലക്ടറും വികാരിയും ചേർന്ന് പള്ളി ഭരണം നടത്താനും കോടതി നിർദേശിച്ചു. പള്ളികളിൽ മതപരമായ ചടങ്ങുകൾ നടത്താൻ സംരക്ഷണം നൽകാനും കോടതി നിർദേശിച്ചു. 1934 ലെ ഭരണഘടന പ്രകാരം ഇടവക രജിസ്റ്റർ പുതുക്കി സമിതിയെ തെരഞ്ഞെടുക്കണം. തെരഞ്ഞെടുപ്പിന് കലക്ടർ മേൽനോട്ടം വഹിക്കണം.
വെള്ളൂർ കാരിക്കോട് പള്ളിയിൽ കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച് മൂന്നു ദിവസത്തിനകം താക്കോൽ നിയമാനുസൃത വികാരിക്ക് കൈമാറണം. ഇടവക രജിസ്റ്റർ പുതുക്കി പുതിയ ഭരണസമിതി നിലവിൽ വരുന്നത് വരെ കോട്ടയം കലക്ടറും വികാരിയും ചേർന്ന് ഭരണം നടത്തണം.
പഴന്തോട്ടം പള്ളിയിൽ ഇടവക രജിസ്റ്ററിൽ ചേർക്കുന്നില്ലന്ന ഹർജികളിലും കോടതി നടപടി നിർദേശിച്ചു. ആത്മീയ കാര്യങ്ങൾ നിർവഹിക്കുന്നവരെ രജിസ്റ്ററിൽ ഉൾപ്പെടുത്താൻ കോടതി അനുവാദം നൽകി. ജോണി ഇടയനാൽ, രാജൻ തച്ചേത്ത് എന്നിവരുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. മറ്റ് പള്ളികളിൽ അംഗത്വമില്ലെന്ന് ഹർജിക്കാർ കോടതിയെ ബോധ്യപ്പെടുത്തി. പുളിന്താനം, ഓടക്കാലി, വടവുകോട്, മുഖത്തല, പീച്ചാനിക്കാട് പള്ളികളുടെ ഹർജികൾ കോടതി വ്യാഴാഴ്ച പരിഗണിക്കും.