തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അനുപമ. മാധ്യമങ്ങൾ ഉൾപ്പെടെ ഒപ്പംനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും സമരം തുടരുമെന്നും കുഞ്ഞിനെ ഏറ്റുവാങ്ങിയതിന് പിന്നാലെ അനുപമ പറഞ്ഞു. കേസിൽ കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
കുഞ്ഞുമായി ശിശുക്ഷേമസമിതിക്ക് മുന്നിലെ സമരപ്പന്തലിൽ എത്തിയ ശേഷമായിരുന്നു അനുപമയുടെ പ്രതികരണം. പിന്നീട് കുഞ്ഞുമായി അനുപമ സൂഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങി.
കുഞ്ഞിനെ താനറിയാതെ മാറ്റിയവർക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരും. എന്നാൽ ഇനി കൈക്കുഞ്ഞുമായി സമരപ്പന്തലിൽ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ സമര രീതി മാറ്റുമെന്നും അനുപമ പറഞ്ഞു.
കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഡംബരജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു. മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളർത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ടെന്നും അനുപമ വ്യക്തമാക്കി.
ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. മാസങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിച്ചത്. വിധി വന്നതിന് പിന്നാലെ ജഡ്ജിയുടെ ചേംമ്പറിൽവെച്ച് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.
content highlights:anupamas first reaction after receiving child