ബീഫോ, പന്നിയോ, ചിക്കനോ നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് കഴിക്കാം. അവനവന് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ട്. എല്ലാവരും ഇന്നത് മാത്രമേ കഴിക്കാവൂ എന്ന് ശാഠ്യം പിടിച്ച് മറ്റുള്ളവരുടെ കറിച്ചട്ടിയിൽ തലയിടാൻ പോയാൽ അത് വക വച്ച് തരാൻ ഈ നാട് തയ്യാറല്ല. ഭക്ഷണത്തിൽ മത വർഗീയ വിഷം കലർത്താൻ വന്നവർക്ക് ഈ നാട് നൽകുന്ന മറുപടിയാണ് ഫുഡ് സ്ട്രീറ്റ്. ഭക്ഷണത്തിന് മതമില്ല- ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ കഴിക്കാൻപാടില്ലെന്നും, ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി. ‘തുപ്പി’ കൊടുക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത് തലച്ചോറിന്റെ സ്ഥാനത്ത് വിസർജം പേറുന്നതുകൊണ്ടാണ്- സജീഷ് പറഞ്ഞു.
എറണാകുളത്ത് നടന്ന പരിപാടി ഡോ സെബാസ്റ്റ്യൻ പോളാണ് ഉദ്ഘാടനം ചെയ്തത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ബിഫിന്റെ പേരിൽ ആളുകൾ ആക്രമിക്കപ്പെട്ട കാലത്ത് ബീഫ് ഫെസ്റ്റ് നടത്തി ഡിവൈഎഫ്ഐ പ്രതിഷേധിച്ചിരുന്നു. അന്നു മുതൽ പോർക്ക് ഫെസ്റ്റ് നടത്താൻ ധൈര്യമുണ്ടോയെന്ന ചോദ്യമാണ് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും ഡിവൈഎഫ്ഐ നേരിടേണ്ടിവന്നത്. ഇതോടെയാണ് പോർക്ക് വിളമ്പാൻ ഡിവൈഎഫ്ഐ തീരുമാനിച്ചത്.
ഡിവൈഎഫ്ഐ നടത്തുന്ന പ്രതിഷേധത്തിൽ പന്നി വിഭവങ്ങൾ ഉണ്ടാകുമല്ലോ അല്ലേയെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി പരിഹാസ രൂപേണ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.