കോഴിക്കോട്: ദേശീയ പാതാ നവീകരണത്തിന്റെ മറവിൽ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിർമിച്ചെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥർക്കെതിരേനടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
ദേശീയപാത – 766, വയനാട് ജില്ലയിലെ ലക്കിടി റോഡ് നവീകരണത്തിന് സ്വകാര്യവ്യക്തിക്ക് സഹായകരമാകുംവിധം സംരക്ഷണഭിത്തിയുടെ നിർമ്മാണ പ്രവൃത്തി നടത്തിയതായി ചീഫ് എഞ്ചിനീയർ റിപ്പോർട്ട് നൽകി.
പൊതുമരാമത്ത് വകുപ്പിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ദേശീയപാതാ വിഭാഗം കൊടുവള്ളി സബ്ഡിവിഷനിലെ അസിസ്റ്റന്റ് എൻജിനീയറേയും ഫസ്റ്റ് ഗ്രേഡ് ഓവർസിയറേയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുവാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും മന്ത്രി റിയാസ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
വിഷയത്തിൽ വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ പൊതുമരാമത്ത് വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയം ശ്രദ്ധയിൽ കൊണ്ടുവന്ന മാധ്യമ പ്രവർത്തകരെയും ജനങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. 50 ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് ഇവിടെ സംരക്ഷണ ഭിത്തി കെട്ടിയിരുന്നത്.