കോതമംഗലം:തേങ്ങ പൊട്ടിക്കാതെ ചിരട്ടയെടുക്കാൻ ഉപകരണവുമായി കോതമംഗലം എം.എ. എൻജിനീയറിങ് കോളേജ്. മെക്കാനിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ കിരൺ ക്രിസ്റ്റഫറാണ് പുതിയ കണ്ടെത്തലിന് പേറ്റന്റ് സ്വന്തമാക്കിയത്.
കരകൗശല വസ്തുക്കളും മറ്റും ഉണ്ടാക്കാനായി ചിരട്ടയെടുക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ ഉപകരണം ഡിസൈൻ ചെയ്തിട്ടുള്ളത്.
തേങ്ങയുടെ വലിയ കണ്ണ് ഒന്നേകാൽ ഇഞ്ച്വലിപ്പത്തിൽ തുരന്ന് ഉപകരണത്തിന്റെ മുകൾ ഭാഗം തേങ്ങയ്ക്കുള്ളിലേക്ക് കയറ്റും. മറുഭാഗം മോട്ടോറുമായി ഘടിപ്പിക്കും. മോട്ടോർ ഓൺ ചെയ്യുമ്പോൾ തേങ്ങയ്ക്കകത്ത് ഇരുവശത്തേയും ബ്ലേഡ് അതിവേഗം കറങ്ങി പുറത്തേക്ക് തള്ളി കാമ്പ് ചിരണ്ടിയെടുക്കും. ചിരണ്ടിയെടുക്കുന്ന പീര ദ്വാരത്തിലൂടെ പുറത്തേക്ക് വരും. ചെറിയ മോട്ടോർ, ഇരുവശത്തുമുള്ള കട്ടർ ബ്ലേഡിൽ ഉറപ്പിച്ച ചിരവ നാക്ക്, കണക്ടിങ് ലിങ്ക്, പുറത്തെ സിലിൻഡർ, കണക്ടർ പിൻ എന്നിവ ചേർന്നതാണ് ഉപകരണം. അപകേന്ദ്ര ബലം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തന രീതിയെന്ന് കിരൺ പറഞ്ഞു. ഒരു തേങ്ങ ചിരണ്ടിയെടുക്കാൻ 15 സെക്കൻഡ് മതി. വീടുകളിൽ എന്നതുപോലെ ചിരട്ട ഉപയോഗിച്ചുള്ള കരകൗശല മേഖലയ്ക്കും പ്രയോജനകരമാകുന്നതാണ് പുതിയ ഉപകരണം. ഈ എക്സ്ട്രാക്ടിങ് മെഷീനിന്റെ രൂപരേഖയ്ക്കും പ്രവർത്തന രീതിക്കുമാണ് 2021-ലെ ഓസ്ട്രേലിയ സർക്കാരിന്റെ പുതിയ കണ്ടുപിടിത്തത്തിനുള്ള പേറ്റന്റ് നേടിക്കൊടുത്തത്.
ചിരട്ട തനത് രൂപത്തിലെടുക്കാം
സാധാരണഗതിയിൽ കരകൗശല വസ്തു നിർമാണത്തിന് ഉപയോഗിക്കുന്ന ചിരട്ടയുടെ തനത് ആകൃതി നിലനിർത്തി കാമ്പ് പുറത്തെടുക്കുക പ്രയാസമാണ്. പ്രത്യേക രാസപദാർത്ഥമോ ഉപ്പോ ഉപയോഗിച്ചാണ് മാംസള ഭാഗം പുറത്തെടുത്തിരുന്നത്. പുതിയ ഉപകരണത്തിന്റെ വരവോടെ ചിരട്ട സ്വാഭാവിക രൂപത്തിൽ നിലനിർത്തി, തേങ്ങ ചിരവി പീര പുറത്തെടുക്കാനാവും.
കുറഞ്ഞ ചെലവ്
പേറ്റന്റിനായി നിർമിച്ച ഉപകരണത്തിന് 5000 രൂപയിൽ താഴെ ചെലവായി. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുമ്പോൾ വില കുറയ്ക്കാനാവും. നാളികേര വികസന ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തി ഉപകരണം കർഷകരിലേക്കും കരകൗശല രംഗത്തുള്ളവരിലേക്കും എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
കാറ്റിൽ വാഴയ്ക്ക് സംരക്ഷണം നൽകുന്ന വാഴ താങ്ങിക്ക് ഏതാനും മാസം മുമ്പ് പേറ്റന്റ് ലഭിച്ചിരുന്നു.
ഗവേഷണത്തിന് മുൻതൂക്കം നൽകുന്ന കോളേജ് മാനേജ്മെന്റിന്റെ കാഴ്ചപ്പാടാണ് നേട്ടത്തിലേക്ക് നയിച്ചതെന്ന് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. കെ. മാത്യു, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ബിനു മർക്കോസ് എന്നിവർ പറഞ്ഞു.
Content Highlights : Kothamangalam Engineering College Inventednew Instrument for Seperating Coconut Shell