തിരുവനന്തപുരം
ഹലാൽ ഭക്ഷണത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കരുതെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി അഭ്യർഥിച്ചു. ഹലാൽ ഭക്ഷണമെന്നാൽ തുപ്പിയ ഭക്ഷണമാണെന്നത് വസ്തുതാവിരുദ്ധമാണ്. ഹലാൽ എന്നാൽ അനുവദനീയം എന്നുമാത്രമാണ് അർഥം. അറക്കുമ്പോൾ ദൈവനാമം ഉരുവിടുക, രക്തംമുഴുവൻ വാർന്നുപോകാൻ അനുവദിക്കുക, ഭക്ഷണത്തിൽ മദ്യം, പന്നിമാംസം എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങി മര്യാദകൾ പാലിച്ചിരിക്കുന്നെന്ന് സൂചിപ്പിക്കലാണ് ഹലാൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഭക്ഷണത്തിലേക്ക് ഊതുകയോ ശ്വാസംവിടുകയോ ചെയ്യുന്നത് ഇസ്ലാം മതപ്രകാരം തെറ്റാണ്. പുരോഹിതൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് അനാചാരമാണ്. ഒറ്റപ്പെട്ട ഏതെങ്കിലും സംഭവത്തിന്റെ ചിത്രം ഉയർത്തിക്കാണിച്ച് തെറ്റായ പ്രചാരണം നടത്തുന്നത് ശരിയല്ല. അത് മതസൗഹാർദത്തെയും വ്യാപാരമേഖലയെയും തകർക്കാനേ സഹായിക്കൂ. തെറ്റായ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ അഭ്യർഥിച്ചു.