തിരുവനന്തപുരം
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനൽകിയെന്ന അനുപമയുടെ പരാതിയിൽ സംസ്ഥാന സർക്കാരും വനിതാ ശിശുവികസന വകുപ്പും നടത്തിയത് കൃത്യമായ ഇടപെടൽ. കുഞ്ഞ് അനുപമയുടേതാണെങ്കിൽ അവർക്ക് ലഭിക്കുകതന്നെ ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് തുടക്കത്തിലേ ഉറപ്പുനൽകി. ഡിഎൻഎ ഫലം പോസിറ്റീവായതോടെ ഇതിലേക്ക് കാര്യങ്ങൾ എത്തി.
രേഖാമൂലം പരാതി ലഭിക്കാതിരുന്നിട്ടും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാശിശു വികസന വകുപ്പ് നടപടി സ്വീകരിച്ചു. വകുപ്പുതല അന്വേഷണത്തിന് വകുപ്പ് ഡയറക്ടറെ ഒക്ടോബർ 22ന് മന്ത്രി ചുമതലപ്പെടുത്തി. സെക്രട്ടറിയറ്റ് പടിക്കൽ അനുപമ നിരാഹാരസമരം ആരംഭിച്ച അന്നുതന്നെ കുഞ്ഞിന്റെ ദത്തുനടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വഞ്ചിയൂർ കുടുംബ കോടതിയെ സമീപിച്ചു. അതോടെ ആദ്യദിനംതന്നെ നിരാഹാരം നിർത്തിയ അനുപമ, സർക്കാരിന്റെ നടപടിയിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു. മന്ത്രി വീണാ ജോർജ് അനുപമയെ നേരിട്ടു വിളിച്ച് ആശ്വസിപ്പിച്ചു. സർക്കാർ നടപടികൾ ഉറപ്പുനൽകി. കോടതിയിൽ എല്ലാ ഇടപെടലും നടത്തുമെന്നും പറഞ്ഞു. സംഭവം രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടപ്പോൾ, അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ മനുഷ്യത്വപരമായ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുമെന്ന് നിയമസഭയിലും മന്ത്രി വ്യക്തമാക്കി. സർക്കാർ ഹർജി പരിഗണിച്ച കോടതി ദത്തുനടപടികൾ നിർത്തിവച്ചു. കേസ് പരിഗണിച്ചപ്പോഴെല്ലാം സർക്കാർ നടപടികളിൽ കോടതി തൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ സംസ്ഥാന വനിതാ കമീഷനും ബാലാവകാശ കമീഷനും കേസെടുത്ത് റിപ്പോർട്ട് തേടി. തിങ്കളാഴ്ച രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ നൽകുമ്പോൾ പരിശോധന അട്ടിമറിക്കപ്പെടുമെന്ന ആരോപണവും അനുപമ ഉന്നയിച്ചു. ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ചൊവ്വ വൈകിട്ട് കുഞ്ഞിനെ കാണാൻ അനുപമയ്ക്കും അജിത്തിനും അനുമതിയും നൽകി. മുപ്പതിനാണ് കേസ് കോടതി പരിഗണിക്കുക. ഇതിനു മുമ്പ് പരിഗണിക്കുന്നതിനായി സർക്കാർ കോടതിയിൽ അപേക്ഷ നൽകിയേക്കും.
കുഞ്ഞിനെ അനുപമയ്ക്ക് ലഭിക്കാൻ
അതിവേഗ നടപടി: മന്ത്രി
ദത്തുകേസിൽ ഡിഎൻഎ ഫലം പോസിറ്റീവായ സാഹചര്യത്തിൽ തുടർ നടപടിക്കായി വിഷയം കോടതിയെ ഉടൻ അറിയിക്കുമെന്ന് വനിതാ ശിശു വികസനമന്ത്രി വീണാ ജോർജ് പറഞ്ഞു. ഫലം പോസിറ്റീവായതിൽ സന്തോഷമുണ്ട്. സർക്കാർ തുടക്കംമുതൽ അനുപമയ്ക്ക് ഒപ്പമാണ്. കോടതി നടപടി വേഗം പൂർത്തിയാകണമെന്നാണ് ആഗ്രഹം. വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോർട്ട് ഉടൻ ലഭിക്കും.
എത്രയുംവേഗം നിയമനടപടി പൂർത്തിയാക്കി കുഞ്ഞിനെ അനുപമയ്ക്ക് ലഭ്യമാക്കാൻ ശ്രമിക്കും. ആന്ധ്രപ്രദേശിലെ ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാൻ മുൻഗണന നൽകണമെന്ന് സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയോട് (കാര) ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്യുമ്പോൾ അവർക്ക് മുൻഗണന നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് വിഷയത്തിൽ സംസ്ഥാനം ഇടപെട്ടത്. പ്രശ്നത്തിൽ സമയോചിതമായി ഇടപെടാൻ കഴിഞ്ഞു. വിഷയം അറിഞ്ഞയുടൻ സർക്കാർ നിയമോപദേശം തേടി. കേസിൽ കക്ഷിയല്ലാഞ്ഞിട്ടും ഉത്തരവാദിത്വമുള്ള സർക്കാരെന്ന നിലയിൽ വിവരങ്ങൾ കോടതിയെ അറിയിച്ചു.
അല്ലെങ്കിൽ പ്രശ്നം കൂടുതൽ സങ്കീർണമാകുമായിരുന്നു–- മന്ത്രി പറഞ്ഞു.