തിരുവനന്തപുരം: അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രപ്രദേശിലെ ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനായി മുൻഗണന നൽകണമെന്ന് സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (കാര)യോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ദമ്പതികൾക്ക് ഇനി ദത്തെടുക്കാനുള്ള ശ്രമത്തിൽമുൻഗണ നഷ്ടപ്പെട്ടേക്കാം. ചിലപ്പോൾ ഇനി ഒരു അവസരം ലഭിക്കാതെയും വന്നേക്കാം. ആ സാഹചര്യം ഒഴിവാക്കുന്നതിന് സംസ്ഥാനം തന്നെ ഇടപെട്ട്കാരയോട് ആവശ്യപ്പട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആന്ധ്രയിലെ ദമ്പതികൾക്ക് മുൻഗണന നൽകണമെന്ന് കേന്ദ്ര ഏജൻസിയോട് അവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അവരുടെ മുൻഗണ നഷ്ടപ്പെടുത്തരുത്. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കുന്നതിന് വേണ്ടിയുള്ള ലിസ്റ്റിൽ അവരെ ഉൾപ്പെടുത്തുകയും ഈ കുഞ്ഞിനെ ദത്തെടുക്കാൻ വന്നപ്പോഴുള്ള അതേ മുൻഗണന അവർക്ക് കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ നിയമം അനുസരിച്ച് എവിടെനിന്ന് വേണമെങ്കിലും അവർക്ക് കുഞ്ഞിനെ ദത്തെടുക്കാം. തങ്ങൾക്കിണങ്ങുന്ന, തങ്ങളുടെ കുടുംബവുമായി ഇണങ്ങുമെന്നു തോന്നുന്ന കുഞ്ഞിനെ എവിടെ നിന്ന് വേണമെങ്കിലും ദത്തെടുക്കാം. പക്ഷേ അവരുടെ അവസരം നഷ്ടമാകരുത്. കാരണം മാനുഷികമായ പരിഗണന അവർക്ക് നൽകേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിനെ അവിടെനിന്ന് കൊണ്ടുവരുമ്പോൾ തന്നെ സംസ്ഥാനം നടപടികൾ എടുത്തിരുന്നു.
സർക്കാർ തലത്തിൽ ദമ്പതികളുമായി സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അവർ താമസിക്കുന്ന ജില്ലയിലെ കലക്ടറുമായും അവിടുത്തെ സിഡബ്ല്യുസി അധികൃതരുമായും കേരളത്തിലെ സിഡബ്ല്യുസിയാണ് ബന്ധപ്പെട്ടത്. കുടുംബവുമായി ഇടക്ക് ഒരാൾ സംസാരിച്ചിരുന്നു. മാതൃഭാഷ മാത്രം അറിയുന്ന അവരുമായി ദ്വിഭാഷിയെ ഉപയോഗിച്ചാണ് സംസാരിച്ചത്. സർക്കാർ നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഭരണ സംവിധാനത്തിന്റെ ഇരയല്ലേ ആന്ധ്രയിലെ ദമ്പതികൾ എന്ന ചോദ്യത്തിന്, കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണത്തിലൂടെ അത് വ്യക്തമാകണമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സമയോചിതമായി ഇടപെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കേസിൽ കക്ഷിയല്ലാഞ്ഞിട്ടും ഒരു ഉത്തരവാദിത്തമുള്ള സർക്കാരെന്ന നിലയിൽ വിവരങ്ങൾ കോടതിയെ അറിയിച്ചു. കോടതി അനുകൂലമായ നിലപാട് എടുത്തിരുന്നില്ലെങ്കിൽ പ്രശ്നം സങ്കീർണമാകുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights:Veena George on Adoption row and Anupamas child DNA test result