തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം.പി.യുമായ കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം ചോദിച്ചു. മലയാളം അസോ. പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ വിശദീകരണം തേടിയിരിക്കുന്നത്.
യുജിസി യോഗ്യതാ മാനദണ്ഡങ്ങൾമറികടന്നാണ് കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറാക്കാനുള്ള നീക്കമെന്ന പരാതി ഗവർണർക്ക് മുന്നിൽ എത്തിയിരുന്നു. 25 വർഷം അധ്യാപക പരിചയമുള്ള ആളെ തഴഞ്ഞ് കെ.കെ. രാഗേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നൽകി എന്നാണ് ആരോപണം. ഇതിലാണ് ഗവർണർ റിപ്പോർട്ട് തേടിയത്. പരാതികൾ ലഭിക്കുമ്പോൾ വിവരങ്ങൾ തേടുന്ന സാധാരണ നടപടി എന്നാണ് ഇതിനേക്കുറിച്ച് രാജ്ഭവൻ വിശദീകരിക്കുന്നത്.
കണ്ണൂർ സർവകലാശാലയിലെ മലയാളം അസോ. പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ ഒന്നാം റാങ്ക് ഡോ. പ്രിയാ വർഗീസിനാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം.പി. യുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയയെ അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത് ചട്ടവിരുദ്ധമായാണെന്ന് പ്രതിപക്ഷ സംഘടനകൾ ആക്ഷേപം ഉന്നയിച്ചിരുന്നു.
തൃശ്ശൂർ കേരളവർമ കോളേജിലെ അസി. പ്രൊഫസറായ പ്രിയയ്ക്ക് നിയമനത്തിന് ആവശ്യമായ എട്ടുവർഷത്തെ അധ്യാപന പരിചയമില്ലെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചത്. എന്നാൽ, ഫാക്കൽറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ഗവേഷണം നടത്തിയ മൂന്നുവർഷവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച രണ്ടുവർഷവും അടക്കം എട്ടുവർഷത്തിലധികം അധ്യാപന പരിചയമുണ്ടെന്ന് പ്രിയാ വർഗീസ് അവകാശപ്പെട്ടിരുന്നു.
Content Highlights:Governor Arif Mohammad Khan sought explanation from Kannur University Vice Chancellor