തിരുവനന്തപുരം > അനുപമയുടെ കുഞ്ഞിനെ തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സമയോജിതമായി ഇടപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ കേസിൽ കക്ഷിയല്ലാതിരുന്നിട്ടും കേസിന്റെ പ്രാധാന്യം മനസിലാക്കി അടിയന്തരമായി കേസിൽ ഇടപ്പെടുകയായിരുന്നു.
കുട്ടിയെ തിരികെ വേണമെന്ന അനുപമയുടെ ആവശ്യം കോടതിയെ അറിയിക്കണമെന്ന് തീരുമാനിക്കുകയും അറിയിക്കുകയും ചെയ്തു. കോടതിയും അനുകൂലമായാണ് നലപാടെടുത്തത്. അല്ലെങ്കിൽ നിയമപരമായ സങ്കീർണതകളിലേക്ക് കടക്കുമായിരുന്നു. ഡിഎൻഎ പരിശോധന ഫലം അടക്കമുള്ള കാര്യങ്ങൾ എത്രയും പെട്ടെന്ന് കോടതിയെ അറിയിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
കുട്ടിയെ തിരികെ നൽകിയ ആന്ധ്ര ദമ്പതികൾക്ക് അടുത്ത ദത്ത് നടപടികളിൽ മുൻഗണന നൽകണമെന്ന് കാരയോട് (സെൻട്രൽ അഡോപ്ഷൻ റിഗസാഴ്സ് അതോറിറ്റി) ആവശ്യപ്പെട്ടിട്ടുണ്ട്. മാനുഷികമായ പരിഗണന അവർക്ക് ലഭിക്കണം. കുട്ടിയെ തിരിച്ചുകൊണ്ടുവരുന്ന ഘട്ടത്തിൽതന്നെ അതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.