കൊച്ചി: ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകിയശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പിതാവ്. താൻ തന്തയാണോടോ, താൻ സ്വർണം കൊടുത്തോ സ്ത്രീധനം കൊടുത്തോ എന്നൊക്കെ ആലുവ സി.ഐ മരുമകന്റെ മുന്നിൽവെച്ച് തന്നോട് ചോദിച്ചതായി ആലുവയിൽ ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ പിതാവ് ഇർഷാദ് പറഞ്ഞു. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകിയ ശേഷം വീട്ടിലെത്തിയ ആലുവ എടയപ്പുറത്ത് മൊഫിയ പർവീൺ (23) നെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആലുവ സി.ഐ ഞങ്ങളോട് മോശമായാണ് പെരുമാറിയതെന്ന് പിതാവ് ആരോപിച്ചു. മകൾ സി.ഐയുടെ മുറിയിൽ ആദ്യം കയറി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ എന്നെ വിളിപ്പിച്ചു. താൻ തന്തയാണോടോ, താൻ സ്വർണം കൊടുത്തോ സ്ത്രീധനം കൊടുത്തോ എന്നൊക്കെ മരുമകന്റെ മുന്നിൽവെച്ച്് ചോദിച്ചു. ഇത് ചോദ്യംചെയ്ത മകളോട് മോശമായി സംസാരിക്കുകയാണ് സി ഐ ചെയ്തത്. പിന്നാലെ മകളുടെ ഭർത്താവും മോശമായി സംസാരിച്ചു.
ഇത് കേട്ടുനിന്ന മകൾ മരുകനെ അടിച്ചു. ശേഷം സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. പിന്നീട് വീട്ടിലെത്തി വല്ലാതെ കരഞ്ഞു. നമുക്ക് നീതി കിട്ടുന്നില്ലല്ലോ പപ്പാ എന്നാണ് അവൾ പറഞ്ഞത്. നീതി കിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ, അങ്ങനെയെങ്കിലും സി.ഐ നമ്മുടെ മുമ്പിൽവച്ച് ഇങ്ങനെ സംസാരിക്കില്ലല്ലോ എന്നാണ് അവൾ പറഞ്ഞത്. ഞാൻ ഇത്രയൊക്കെ സഹിച്ച് പോയാണ് പരാതി കൊടുത്തത്. എന്നിട്ടും അവർ എന്നോട് ഇങ്ങനെയാണല്ലോ പെരുമാറുന്നത് എന്ന് അവൾ പറഞ്ഞു. സമാധാനിപ്പിച്ചാണ് ഞാൻ പുറത്തേക്ക് പോയത്. പിന്നീട് ഉച്ചക്ക് മുറിയടച്ച് ഇരിക്കുകയായിരുന്നു. ഉറങ്ങുകയാകുമെന്നാണ് കരുതിയത്. അവൾ കതക് തുറക്കുന്നില്ലെന്ന് പിന്നീട് ഭാര്യ വിളിച്ച് പറഞ്ഞുവെന്നും ഇർഷാദ് പറഞ്ഞു.
മകളുടെ മൊഴിയെടുത്തിട്ട് പറഞ്ഞു വിടണമെന്നാണ് അവൾ സ്റ്റേഷനിൽവച്ച് ആവശ്യപ്പെട്ടത്. എനിക്ക് അയാളോടൊപ്പം നിന്ന് സംസാരിക്കാൻ കഴിയില്ല എന്നും അവൾ പറഞ്ഞു. അവളുടെ ഭർത്താവിനൊപ്പം ഒരു പ്രാദേശിക നോതാവും ഉണ്ടായിരുന്നു. അവളുടെ ഭർത്താവും അവന്റെ ബാപ്പയും ഉമ്മയും ഫ്രോഡ് ആണെന്നാണ് അവളുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നത് – ഇർഷാദ് പറഞ്ഞു. അതേസമയം ആത്മഹത്യാക്കുറിപ്പ് ഇല്ലെന്നാണ് സ്റ്റേഷനിൽനിന്ന് പറഞ്ഞത്. പിന്നീട് എം.എൽ.എ എസ്.പിയെ വിളിക്കുമ്പോഴാണ് ആത്മഹത്യാകുറിപ്പുള്ള കാര്യം അറിയുന്നതെന്നും ഇർഷാദ് കൂട്ടിച്ചേർത്തു.