ന്യൂഡൽഹി: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേരളം സമർപ്പിച്ച നിവേദനം അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതായി സംസ്ഥാന വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 62 പ്രകാരം കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അനുമതി തേടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി എ.കെ.ശശീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയത്തിൽ ആവശ്യമായ നിയമവശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിന്റെ ആവശ്യത്തിൽ തുടർചർച്ച നടത്തുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതിനു മുന്നോടിയായി സംസ്ഥാന വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, മുഖ്യ വനം മേധാവി പി.കെ.കേശവൻ എന്നിവർ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് സെക്രട്ടറി, കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഡയറക്ടർ ജനറൽ എന്നിവരുമായി പ്രത്യേക ചർച്ച നടത്തും. നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യ വാരമോ കേരളത്തിലെത്തുന്ന കേന്ദ്ര വനം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തുടർചർച്ച നടത്തി പരിഹാരത്തിന് ശ്രമിക്കാമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതായും മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
സംസ്ഥാനത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാകുകയും ജനങ്ങളുടെ ഉപജീവന മാർഗ്ഗം ഉൾപ്പെടെ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിനെ സമീപിച്ചത്. കാട്ടുപന്നികളടക്കം വന്യജീവി ശല്യം കുറക്കുന്നതിന് വനാതിർത്തികളിൽ കിടങ്ങുകൾ സ്ഥാപിച്ചും വേലികൾ കെട്ടിയും സോളാർ ഫെൻസിങ്ങുകൾ സ്ഥാപിച്ചുമൊക്കെയുള്ള നിരവധി പരിഹാര നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇതു മതിയാകാത്ത സാഹചര്യത്തിലാണ് കൂടുതൽ ശാസ്ത്രീയമായ പരിഹാര നടപടികൾക്കായി സംസ്ഥാന സർക്കാർ ആലോചിച്ചു വരുന്നത്.
Content Highlights:A K Saseendran meets Union Minister to press State’s demands