അറിവിനെയും അക്ഷരങ്ങളെയും മറ്റെന്തിനെക്കാളും ഏറെ സ്നേഹിച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ളയുടെ ഒമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ അപൂര്‍വ്വ വീഡിയോ പങ്കുവെച്ച് മകനും മാധ്യമപ്രവര്‍ത്തകനുമായ എം ജി രാധാകൃഷ്ണന്. രാഷ്ട്രീയ പ്രവര്‍ത്തകനും ചിന്തകനും പ്രഭാഷകനും പത്രാധിപരും ഒക്കെയായിരുന്ന പി ജി ആപ്പിള്‍ ഐപാഡ് പരിചയിക്കുന്നതാണ് വീഡിയോ.
86-ാമത്തെ വയസില്‍ പിജിക്ക് ആപ്പിള്‍ ഐപാഡ് പരിചയപ്പെടുത്തി കൊടുക്കുന്ന വീഡിയോ ആണ് എം ജി രാധാകൃഷ്ണന് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഐപാഡില്‍ ഇ-ബുക്ക് വായിക്കുന്നതും എഴുതാനും വരയ്ക്കാനും സാധിക്കുന്നതും പിയാനോ വായിക്കാന്‍ കഴിയുന്നതുമെല്ലാം അദ്ദേഹത്തെ പഠിപ്പിച്ചുകൊടുക്കുകയാണ് പ്രശസ്ത ഡോക്ടറായ ഡോ. ജ്യോതിദേവ് കേശവ്ദേവ്. ഇതിനിടയില്‍ ഐപാഡില്‍ പേരെഴുതി നോക്കാന്‍ രാധാകൃഷ്ണന് പറഞ്ഞപ്പോള്‍ കുട്ടികളുടെ കൌതുകത്തോടെ പി ജി എന്നെഴുതുന്നതും ഒപ്പം, എന്നും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച പാര്‍ട്ടിയുടെ ചിഹ്നമായ അരിവാള്‍ ചുറ്റിക വരയ്ക്കുന്നതുമാണ് വീഡിയോയില്‍. ജീവിതാവസാനം വരെയും തന്റെ കുടുംബത്തിലെ ഏറ്റവും ചെറുപ്പമായ മനസിനുടമയായിരുന്നു പി ജിയെന്ന് എം ജി രാധാകൃഷ്ണന് കുറിപ്പില്‍ പറയുന്നു.
പി ജിയുടെ സ്വന്തമായിരുന്ന ബൃഹത്തായ പുസ്തകശേഖരം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ‘പി ജി റഫറന്‍സ് ലൈബ്രറി’ പുതുതലമുറയ്ക്ക് കൈമാറിയത്. പെരുന്താന്നി സുഭാഷ് നഗറിലെ ‘മുളയ്ക്കല്‍’ വീട്ടിലിരുന്നാണ് ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ച് പി ജി ചിന്തിച്ചതും എഴുതിയതും. പി ജി എഴുതിയ ബൃഹദ് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 17,500 പുസ്തകമാണ് വായനക്കാരെ കാത്തിരിക്കുന്നത്. രാഷ്ട്രീയം, കല, സംസ്കാരം, സാമ്പത്തികം തുടങ്ങി വിഷയവൈവിധ്യംകൊണ്ട് സമ്പന്നമാണ് ഗ്രന്ഥശേഖരം. മലയാളത്തില്‍ ആദ്യ കാലത്ത് പ്രസിദ്ധീകരിച്ച അപൂര്‍വ പുസ്തകങ്ങളുമുണ്ട്. വിവിധ ഭൂഖണ്ഡങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും രാജ്യങ്ങളുടെ പോരാട്ട ചരിത്രവും പുസ്തകങ്ങളായുണ്ട്.