പാലക്കാട്: സി.പി.എം. ശക്തികേന്ദ്രമായ പുതുശ്ശേരിയിൽ ഏരിയാ സമ്മേളനം മാറ്റിവെച്ചു. ഈമാസം 27, 28 തീയതികളിൽ നടക്കേണ്ടിയിരുന്ന ഏരിയാ സമ്മേളനമാണ് മാറ്റിവെച്ചത്. ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച് അന്വേഷിച്ച രണ്ടംഗ കമ്മീഷൻ ഏരിയാ സമ്മേളനം മാറ്റിവെക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.
പുതുശ്ശേരിയിൽ ഏരിയക്ക് കീഴിൽ വരുന്ന വാളയാർ, എലപ്പുള്ളി ലോക്കൽ സമ്മേളനങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. വാളയാർ ലോക്കൽ സമ്മേളനത്തിൽ പ്രതിനിധികൾ തമ്മിൽ ഏറ്റുമുട്ടുകയും സമ്മേളന വേദിയിൽ കുത്തിയിരുന്ന പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതിനേ തുടർന്ന് ഒരു കമ്മറ്റിയെ വെക്കാൻ തീരുമാനിച്ചിരുന്നു. ലോക്കൽ കമ്മിറ്റി രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ ആയിരുന്നു പ്രതിഷേധം. എലപ്പുള്ളി ലോക്കൽ സമ്മേളനവും പൂർത്തിയാക്കാനായില്ല.
വിഭാഗീയതയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റിയംഗം കെവി രാമകൃഷ്ണൻ ജില്ലാ സെക്രട്ടേറിയേറ്റംഗം ഇ എൻ സുരേഷ്ബാബു എന്നിവരങ്ങുന്ന രണ്ടംഗ കമ്മീഷനെ വെച്ചിരുന്നു. ഏരിയാ സമ്മേളനം മാറ്റിവെക്കാനാണ് ഈ കമ്മീഷന്റെ റിപ്പോർട്ട് ശുപാർശ ചെയ്തത്. തുടർന്ന് പുതുശ്ശേരി ഏരിയാ കമ്മറ്റി യോഗം ചേർന്ന് സംസ്ഥാന സമിതി അംഗമായ എൻ.എൻ. കൃഷ്ണദാസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ഏരിയാ സമ്മേളനം മാറ്റിവെക്കാൻ തീരുമാനിക്കുകയുമായിരുന്നു.
നേരത്തെ, വാളയാർ, എലപ്പുള്ളി ലോക്കൽ കമ്മിറ്റി വിഭജനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് റദ്ദാക്കിയിരുന്നു. എ. പ്രഭാകരൻ എംഎൽഎയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. പുതുശ്ശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ സമ്മേളനത്തിൽ കടുത്ത വിഭാഗീയത ഉണ്ടെന്നായിരുന്നു പരാതി. പുതുശ്ശേരി ഏരിയയ്ക്കുകീഴിൽ തുടർച്ചയായി വാളയാറിലും എലപ്പുള്ളി വെസ്റ്റിലും സംഘർഷത്തെ തുടർന്ന് ലോക്കൽ സമ്മേളനവും നിർത്തിവെച്ചിരുന്നു. ലോക്കൽ കമ്മിറ്റി വിഭജനത്തെച്ചൊല്ലിയുള്ള പരാതികളാണ് സമ്മേളനത്തിൽ പ്രവർത്തകർ പ്രകടിപ്പിച്ചത്.
Content Highlights: CPMpalakkad puthussery area conference postponed