ആലപ്പുഴ> സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെ (സിൽക്) ചേർത്തലയിലെ നവീകരിച്ച ഫാബ്രിക്കേഷൻ യൂണിറ്റ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇരുമ്പുരുക്ക് വ്യവസായ മേഖലയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമാണ് സിൽക്കെന്ന് മന്ത്രി പറഞ്ഞു.
വിപണിയിൽ മത്സരക്ഷമതയോടെ മുൻ നിര സ്റ്റീൽ ഫാബ്രിക്കേഷൻ ജോലികൾ ഏറ്റെടുക്കാൻ കഴിയുന്ന യൂണിറ്റായി ഇത് മാറി. വാട്ടർ മെട്രോ, സി.എസ്.എൻ സോളാർ തുടങ്ങി നിരവധി സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ജോലികൾ ഇവിടെ നിർവ്വഹിക്കുന്നുണ്ട്.
സിൽക്കിന്റെ അധിക ഭൂമി ഉപയോഗപ്പെടുത്തി കിൻഫ്രയുടെ നേതൃത്വത്തിൽ, സിൽക്കിന്റെ പങ്കാളിത്തത്തോടെ ഒരു വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ട്. ചേർത്തല ഫുഡ് പാർക്ക് ജനുവരിയിൽ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.