തിരുവനന്തപുരം
ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ചാർജ്വർധന സർക്കാർ അംഗീകരിച്ചു. എന്നാൽ, ആവശ്യം അതേപടി അംഗീകരിക്കാനാകില്ല. രാമചന്ദ്രൻ കമീഷനുമായി ആലോചിച്ചാകും തീരുമാനം. ജനങ്ങൾക്ക് അധികഭാരം ഉണ്ടാകാത്തവിധം നിരക്ക് പരിഷ്കരിക്കാനാണ് ശ്രമിക്കുന്നത്.
മിനിമം നിരക്ക് എട്ടു രൂപയിൽനിന്ന് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് ഒരു രൂപയിൽനിന്ന് ആറു രൂപയാക്കുക, കോവിഡ് കഴിയുന്നതുവരെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉടമകൾ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.