കൊച്ചി
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ ആഴ്ചയിലൊരിക്കൽ ഹോട്ടൽ ഉടമ സുഹൃത്തുക്കൾക്കുമാത്രമായി നിശാപാർടി നടത്തിയിരുന്നുവെന്ന് പൊലീസ്. മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ മരിച്ച കേസിന്റെ അന്വേഷണത്തിനിടെയാണ് നമ്പർ 18 ഹോട്ടലിൽ നിശാപാർടിയും തുടർന്ന് ആഫ്റ്റർ പാർടിയും നടത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്.
എല്ലാ ബുധനാഴ്ചയിലുമാണ് അടുത്തപരിചയക്കാർക്കും ഉന്നതർക്കുമായി ലഹരി പാർടി നടത്തിയിരുന്നത്. ഇതിന് വലിയ തുക ഈടാക്കിയിരുന്നു. പാർടി കഴിഞ്ഞ് വിശ്രമിക്കാൻ ഒന്നും രണ്ടും നിലകളിൽ രഹസ്യമുറികളും ഒരുക്കിയിരുന്നു. നിശാപാർടിക്കുശേഷം മോഡലുകളെ ഈ മുറികളിലേക്ക് പോകാൻ നിർബന്ധിച്ചുവെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതിന് സമ്മതിക്കാതെ മോഡലുകൾ മുറിക്ക് പുറത്തിറങ്ങി കാറിൽ കയറി പോയി. മുറികളിലേക്ക് പറഞ്ഞയക്കാൻ ശ്രമിക്കുംമുമ്പ് ഹോട്ടൽ ഉടമ റോയി വയലത്ത് മോഡലുകൾക്ക് അമിത അളവിൽ മദ്യമോ മയക്കുമരുന്നോ നൽകിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
കാർ ഓടിച്ച അബ്ദുൾ റഹ്മാൻ അമിത അളവിൽ മദ്യം കഴിച്ചു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. ഹോട്ടലിൽ നടന്ന സംഭവങ്ങൾ പകർത്തിയ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നേതൃത്വത്തിൽ നശിപ്പിച്ചത് ദുരൂഹത ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അബ്ദുൾ റഹ്മാൻ ഓടിച്ച വാഹനത്തെ നിരീക്ഷിക്കാനാണ് ഔഡി കാറിൽ സൈജുവിനെ അയച്ചത്. അപകടസ്ഥലത്ത് എത്തിയ സൈജു രംഗം നിരീക്ഷിച്ചശേഷം സ്ഥലംവിട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവശേഷം റോയിയെ സൈജു വിളിച്ചിരുന്നു. ഇതിന്റെ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. സൈജു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
ദൃശ്യങ്ങളടങ്ങിയ ഹാർഡ്ഡിസ്ക് കണ്ണങ്കാട്ട് പാലത്തിൽനിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് പ്രതികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധന നടത്തും. അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ അൻസി കബീറിന്റെ കുടുംബം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയതായാണ് വിവരം.