തിരുവനന്തപുരം > സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്കര്‍ഷിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അധ്യാപികമാര്‍ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്കര്‍ഷിക്കാന്‍ സ്കൂളുകള്‍ക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍ ഞെക്കാട് സ്കൂളില്‍ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ബോയ്സ് സ്കൂള്‍, ഗേള്‍സ് സ്കൂള്‍ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തില്‍ സമൂഹത്തില്‍ ചര്‍ച്ച ഉയര്‍ന്നു വരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂണിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്കാരം കൊണ്ടു വരും. മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. പാഠ്യപദ്ധതിയില്‍ ലിംഗ സമത്വം ഉറപ്പു വരുത്തും. മനുഷ്യന്റെ മുഖവും മണ്ണിന്റെ മണവും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായം ആണ് വേണ്ടത്.
ഫയലുകള്‍ തീര്‍പ്പാക്കാന്‍ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്കി. പെന്ഷന് പറ്റി ഇറങ്ങേണ്ടവര്‍ കൂടി ആണ് തങ്ങളെന്ന ബോധം ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
വിദ്യാഭ്യാസ വകുപ്പ്, അധ്യാപകര്‍, വി ശിവന്‍കുട്ടി