കിറ്റ് വിതരണത്തിന്റെ കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. നവംബർ മാസം കിറ്റ് നൽകില്ല. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി മൂലം ഇനി കിറ്റ് നൽകുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
“ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയിരുന്നത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ സാഹചര്യം ഉണ്ട്. വരും മാസങ്ങളിൽ കിറ്റ് നൽകുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയിലോ പരിഗണനയിലോ ഇല്ല.” എന്നായിരുന്നു ഇന്നലെ ഭക്ഷ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സെപ്റ്റംബറിലാണ് സർക്കാർ അവസാനമായി കിറ്റ് നൽകിയത്.
കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കിറ്റ് നൽകണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇനിയും കിറ്റ് വിതരണം ചെയ്യാനാവില്ലെന്ന് ധനകാര്യ വകുപ്പ് ഓണക്കിറ്റിന് പണം അനുവദിക്കുമ്പോൾ ഫയലിൽ രേഖപ്പെടുത്തിയിരുന്നു. എക്കാലവും കിറ്റ് വിതരണം തുടരാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
2020 ഏപ്രിൽ-മെയ് മുതലാണ് സൗജന്യ സംസ്ഥാനത്ത് ആരംഭിച്ചത്. ഇതുവരെ 13 തവണയായി 11 കോടി കിറ്റുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. മാസം ശരാശരി 350-400 കോടി രൂപയാണ് കിറ്റ് വിതരണം ചെയ്യാൻ ആവശ്യമായി വന്നിരുന്നത്. ഇതുവരെ കിറ്റ് വിതരണത്തിനായി 5200 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.