കൊച്ചി > ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ നിലപാടറിയിക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും ഹൈക്കോടതി നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയുമോ എന്നറിയിക്കണം. ഇക്കാര്യത്തിൽ ചൊവ്വാഴ്ചക്കകം സർക്കാരും ബോർഡും വിശദീകരണം നൽകണം.
വെർച്ച്വൽ ക്യൂവിന്റെ നിയന്ത്രണം ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ദർശനം നടത്തിയ അയ്യപ്പഭക്തരുടെ കണക്ക് പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി. 16 മുതൽ 18 വരെ വെർച്വൽ ക്യൂ വഴി 31,385 പേർ ബുക്ക് ചെയ്തിൽ 21,897 പേർ മാത്രമാണ് ദർശനം നടത്തിയതെന്ന് ബോർഡ് സമർപ്പിച്ച കണക്കുകളിൽ വ്യക്തമായി. വ്യാഴാഴ്ച 18 പേർ സ്പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി.
വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്യാൻ കഴിയാത്ത അയ്യപ്പഭക്തർക്ക് ദർശനം ഉറപ്പാക്കലാണ്
സ്പോട്ട് ബുക്കിങിന്റെ ലക്ഷ്യമെന്ന് കോടതി വ്യക്തമാക്കി. പത്തനംതിട്ട, കൊട്ടാരക്കര, പന്തളം, വൈക്കം, ഏറ്റുമാനൂർ, പെരുമ്പാവൂർ, കീഴില്ലം എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ തുടങ്ങിയെന്നും സാങ്കേതിക സൗകര്യങ്ങൾ ടാറ്റാ കൺസൽട്ടൻസി ഉടൻ ലഭ്യമാക്കുമെന്നും ബോർഡ് അറിയിച്ചു. സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകാനും കോടതി നിർദേശിച്ചു.